കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചെന്ന് സംശയം. ഒരാളുടെ കൂടി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പ്ലാപ്പള്ളി താളുങ്കൽ എന്ന സ്ഥലത്ത് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് രണ്ട് കാലുകൾ ഒഴികെയുള്ള ശരീര ഭാഗങ്ങൾ കണ്ടെടുത്തത്. ലഭിച്ച മൃതദേഹ ഭാഗങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ മരിച്ച എട്ടു വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഈ സാഹചര്യത്തിലാണ് ഒരാൾ കൂടി ഈ ഭാഗത്ത് മണ്ണിനടിയിൽപ്പെട്ടതായ സംശയം ഉയർന്നത്. തുടർന്നു നാട്ടുകാർ തെരച്ചിൽ തുടരുകയായിരുന്നു.
ഇന്ന് കണ്ടെത്തിയത് അലന്റെ ശരീരഭാഗങ്ങളിൽ കണ്ടെത്താത്ത ഭാഗങ്ങൾ ആകാനും സാധ്യതയുണ്ടെന്നാണ് കാഞ്ഞിരപ്പള്ളി തഹസിൽദാർ പ്രതികരിച്ചത്. മൃതദേഹം ജീർണിച്ച അവസ്ഥയിൽ ആയതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ശരീര ഭാഗങ്ങൾ ആരുടേതെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തുമെന്നും തഹസിൽദാർ വ്യക്തമാക്കി.
ഉരുൾപ്പൊട്ടലിൽ പ്ലാപ്പള്ളി മേഖലയിൽ നാല് പേരാണ് മരിച്ചതെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. സോണിയ46 ), അലൻ, പന്തലാട്ടിൽ സരസമ്മ മോഹനൻ (58 ), റോഷ്നി (50 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരിൽ അലന്റെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉണ്ടായത്. ഈ മേഖലയിൽ കല്ലും മറ്റും വീണ് മതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ മണ്ണിനടിയിൽ നിന്നും ശേഖരിച്ചാണ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്കായി എത്തിച്ചത്. ഇതിനിടയിലാണ് 12 വയസുകാരന്റെ മൃതദേഹത്തിന് ഒപ്പമുള്ള കാല് മുതിർന്ന വ്യക്തിയുടേതാണെന്ന് ഡോക്ടർമാരുടെ സംഘം കണ്ടെത്തുന്നത്.