വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന് നേതാക്കള്‍ ഉപയോഗിച്ചു വരുന്ന അക്കൗണ്ടുകള്‍ വാട്സാപ് നിരോധിച്ചു. അപകടകാരികളായ സംഘടനകള്‍ക്കെതിരായ നയം ഉപയോഗപ്പെടുത്തിയാണ് വാട്സാപ്പിന്റെ ഈ നീക്കം.
താലിബാന് അവരുടെ ഭരണാവശ്യങ്ങള്‍ക്കായി തങ്ങളുടെ സേവനം ഉപയോഗിക്കുന്നത് വിലക്കാനാണ് വാട്സാപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അക്രമവും കൊള്ളയും സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനായി താലിബാന് സ്ഥാപിച്ച ഒരു വാട്ട്സ്ആപ്പ് ഹോട്ട്ലൈന്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. താലിബാന്റെ ഔദ്യോഗിക അക്കൗണ്ടായി നിലകൊള്ളുന്ന അക്കൗണ്ടുകള്‍ വാട്സാപ്പ് നിരോധിക്കും.
താലിബാന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സമൂഹമാധ്യമക്കമ്പനികള്ക്ക് മേല്‍ ആഗോള തലത്തില്‍ സമ്മര്‍ദമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ പ്രാദേശിക ഭാഷകള്‍ അറിയുന്ന വിദഗ്ദസംഘമാണ് താലിബാന് അക്കൗണ്ടുകള്‍ കണ്ടെത്തിക്കൊടുത്തത്. ഇപ്പോഴും അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ താലിബാന് സര്‍ക്കാരിനെ അംഗീകരിച്ചിട്ടില്ല.
അതേസമയം ഇത് അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടിയാണ് എന്ന് താലിബാന് വക്താവ് വിമര്‍ശിച്ചു. ഒരു വാര്‍ത്താ സമ്മേളനത്തിനിടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് പ്രതിനിധി ഫെയ്സ്ബുക്കിനെ വിമര്‍ശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവര്‍ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് താലിബാന് വക്താവ് പറഞ്ഞു.