കാസര്‍കോട്: പെരിയ ഇരട്ടകൊലയുമായി ബന്ധപ്പെട്ട് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മന്ത്രി എം.വി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ വി.പി.പി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു. കൊല നടക്കുന്നതിന് മുന്‍പ് കല്യോട്ട് സിപിഎം പൊതുയോഗത്തില്‍ മുസ്തഫ നടത്തിയ പ്രകോപനപരമായ പ്രസംഗം വലിയ വിവാദമായിരുന്നു.
കൊലപാതകം നടന്നതിന് ശേഷം മുസ്തഫയുടെ പ്രസംഗം വിഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ നിറയുകയും ചെയ്തിരുന്നു. കേസന്വേഷണം പൂര്‍ത്തിയാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസത്തോളം സമയം ബാക്കി ഇരിക്കെയാണ് അന്വേഷണ സംഘം പാര്‍ട്ടിയുടെ ജില്ലയിലെ ഉന്നത നേതാക്കളെ ചോദ്യംചെയ്തു തുടങ്ങിയത്.
സിബിഐയിലെ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണനാണ് മുസ്തഫയെ ചോദ്യം ചെയ്തത്. മുന്‍പ് ക്രൈംബ്രാഞ്ചും ഇതേകേസില്‍ മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി ഡിസംബര്‍ നാലിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മുസ്തഫയെ ഇന്ന് സിബിഐ ചോദ്യം ചെയ്തത്.
നാല് ദിവസം മുമ്ബ് നേതാക്കളും അഭിഭാഷകരുമായ അഡ്വ.എ.ജി നായര്‍, അഡ്വ. രാജ്മോഹന്‍, അഡ്വ.ബിന്ദു, കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്മാന് വി.വി രമേശന്, ഡി.വൈ.എഫ്.ഐ നേതാവ് മണിക്കുട്ടി ബാബു എന്നിവരുള്‍പ്പെടെയുള്ള ആളുകളെ കാസര്‍ക്കോട്ടെ ക്യാംപില്‍ വിളിച്ചുവരുത്തി അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വി.പി.പി മുസ്തഫയെ ചോദ്യം ചെയ്യാന്‍ വിളിച്ചത്.