‘പമ്മനും അയ്യനേത്തും’; പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ എം രാജീവ് കുമാർ എഴുതുന്ന പംക്തി
ചില എഴുത്തുകാരെ മലയാള സാഹിത്യം ഇപ്പോഴും ഇരുട്ടത്ത് നിർത്തിയിരിക്കുകയാണ്. ഏറെപ്പേർ വായിച്ചു പോയി എന്ന കുറ്റമാണ് അവർക്ക് മേൽ ചാർത്തിയിരിക്കുന്നത്. വലിച്ചു വാരി എഴുതി മേദസ്സ് കൂട്ടി…. സെക്സ് കൂടിപ്പോയി…ജനപ്രിയമാക്കി എന്നൊക്കെ തടിതപ്പി ഒ.വി.വിജയനെയും കാക്കനാടനെയും പ്രതിഷ്ഠിക്കാൻ കാട്ടിയ തന്ത്രത്തിനിടയിൽ പെട്ടു പോയവരാണ് പമ്മനും പി. അയ്യനേത്തും. പമ്മന് പി.അയ്യനേത്തിനേക്കാൾ 6 വയസ്സ് പ്രായക്കൂടുതലുണ്ട്.രണ്ടു പേരും മരിച്ചിട്ട് പത്തുപതിനഞ്ച് കൊല്ലമായി.
ഇന്നും ഗ്രാമീണഗ്രന്ഥശാലകളിൽ ഏറ്റവും അധികം വായിക്കപ്പെടുന്ന എഴുത്തുകാരൻ പി. അയ്യനേത്താണ്. ഒപ്പം പമ്മനുമുണ്ട്.
1922 ഫെബ്രുവരി 23 ന് കൊല്ലത്ത് പുന്നത്തലച്ചേരിയിൽ ജനിച്ച ആർ.പരമേശ്വര മേനോൻ പമ്മൻ എന്ന തൂലികാ നാമത്തിൽ “വഷള “ത്തമെഴുതി എന്നാണ് പഴി . അതുപോലെയാണ് 1928 ആഗസ്റ്റ് 10 ന് പത്തനംതിട്ടയിലെ നരിയാപുരത്ത് ജനിച്ച പത്രോസ് അയ്യനേത്തിന്റെ മേലും ചാർത്തിയത്. പി. അയ്യനേത്തിന്റെ ആ നോവലും സിനിമയും ഓർക്കുന്നില്ലേ വാഴ്വേമായം. ?
1970 ൽ പുറത്തുവന്ന സിനിമ .എത്ര നിരൂപകർ പറഞ്ഞിട്ടുണ്ട് പി. അയ്യനേത്തിനെപ്പറ്റി? ഈയിടെ വിനുഎബ്രഹാം എഴുതിക്കണ്ടു പമ്മന്റെ ഭ്രാന്തിനെപ്പറ്റിയും വഷളനെപ്പറ്റിയും.ഒരു കാലത്ത് സി.പി.ശ്രീധരൻ പമ്മനെപ്പറ്റി എഴുതിയതിങ്ങനെയാണ് :
രൂപത്തിൽ മാത്രമല്ല ഭാവത്തിലും പുതുമയും വൈചിത്ര്യവുമുള്ള നോവലുകളുമായി സാഹിത്യ രംഗത്തേക്കു വന്ന ശ്രീ മേനോൻ നോവൽ സാഹിത്യത്തിൽ ഒരു വലിയ വാഗ്ദാനമായിരുന്നു. അന്തസ്സൗഭാഗ്യമുള്ള അസംഖ്യം ചെറുകഥകളും പത്രമാസികകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പരിഗണനാർഹമായ കഥാകൃത്തുക്കളിൽ ഒരാളാണ് അദ്ദേഹം. “എന്നിട്ട് പമ്മന്റെ കാര്യം എന്തായി. ആധുനികത വന്ന്പമ്മനെ തള്ളി മറിച്ചിട്ടില്ലേ?
മദ്രാസിലെ ഗവണ്മന്റ് സ്കൂൾ ഓഫ് ടെക് നോളജി, ഇംഗ്ലണ്ടിലെ സ്റ്റാഫോഡ് ഷയർ ടെക്നിക്കൽ കോളേജ് എന്നിവിടങ്ങളിൽ പഠിച്ച ശേഷം 1940 മുതൽ രണ്ടു വർഷം റോയൽ ഇന്ത്യൻ നേവിയിൽ ഇഞ്ചിനീയറായി. 1942 മുതൽ 47 വരെ ഓർഡിനൻസ് ഫാക്ടറിയിൽ ജോലി നോക്കി. 1966 നു ശേഷം സീനിയർ മെക്കാനിക്കൽ എഞ്ചിനീയർ . പിന്നീട് വെസ്റ്റർ റയിൽവേയിൽ ജനറൽ മാനേജരായി ബോംബയിലുണ്ടായിരുന്നപ്പോൾ സാംസ്ക്കാരിക പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.മറുനാടുകളിലിരുന്ന് പമ്മൻ എഴുത്തോടെഴുത്തായിരുന്നു. ചട്ടക്കാരി, വഷളൻ, പാപ മോക്ഷം, അപ്പു,അമ്മിണി അമ്മാവൻ അടിമകൾ, സിസ്റ്റർ, നിർഭാഗ്യജാതകം, ഈയാം പാറ്റകൾ എന്നിവ നോവലുകളാണ്. അപസ്വരം, ചന്ദ്രഹാസം, പരീക്ഷണം എന്നിവ നാടകങ്ങളാണ്. അഞ്ജലി , വാടാമല്ലിപ്പൂക്കൾ എന്നിവ ചെറുകഥാസമാഹാരങ്ങൾ 2007 ജൂൺ 3 ന് പമ്മൻ അന്തരിക്കുന്നു. 2008 ജൂൺ 17 ന് പി. അയ്യനേത്തും കഥാവശേഷനായി.
പമ്മന്റെ പ്രമുഖ കൃതികൾ മലയാളത്തിലും തമിഴിലും ചലച്ചിത്രങ്ങളായിട്ടുണ്ട്. “ചട്ടക്കാരി “(1974),അതിന്റെ ഹിന്ദി റീമേക്ക് “ജൂലി ” (1975 ) “നിഴൽ നിജമാഗിരതു ” (തമിഴ് 1978) “ഓ, മാനേ മാനേ ” (തമിഴ് 1984) “അടിമകൾ ” (1969) “അമ്മിണി അമ്മാവൻ ” (1976 ) , “സ്വപ്നാടനം ” (1976) എന്നിവയിലൂടെ അഭ്രപാളികളിലും എഴുതിത്തിളങ്ങി.കഥയ്ക്ക് രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്.പി. അയ്യനേത്താകട്ടെ 1952 ൽ ഗണിത ശാസ്ത്രത്തിൽ ബിരുദമെടുത്തശേഷം കുറെക്കാലം അദ്ധ്യാപകനായി ജോലി നോക്കി. 1966 ൽ സാമ്പത്തികശാസ്ത്രത്തിൽ എം.എ ബിരുദം നേടി ബ്യൂറോ ഓഫ് എക്ണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സിൽ റിസർച്ച് ആപ്പീസറായി. അസിസ്റ്റന്റ് ഡയറക്ടറായി 1983 ൽ വിരമിച്ചു.ചില്ലറക്കാരനല്ല പി. അയ്യനേത്ത്. . നാല്പതിലേറെ നോവലുകൾ എഴുതിയിട്ടുണ്ട്. പത്ത് കഥാസമാഹാരങ്ങൾ.നാല് നാടകങ്ങൾ. ആയിരത്തൊന്ന് രാവുകൾ സ്വന്തം നിലയിലെഴുതിയതു് വേറെ.
എഴുപതുകൾ മുതൽക്ക് ഞങ്ങൾ പരിചയക്കാരാണ്. അന്ന് കേരള ശബ്ദത്തിൽ ഞാനും പുതിയ തരം കഥകൾ തുടർച്ചയായി എഴുതി വരുന്ന കാലമാണ്. എങ്കിലും അദ്ദേഹം എന്നെയും അത്യന്താധുനികരുടെ സെറ്റിൽ പ്പെടുത്തി കളിയാക്കിയിരുന്നു.അക്കാലത്ത് എന്നും വൈകുന്നേരം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് എതിരെയുള്ള എൻ.ബി.എസ്സിൽ വരുമായിരുന്നു. വെള്ള ഗ്ലാക്സോമുണ്ട് വക്ക് തൂക്കിയിട്ട് മുട്ടിനു താഴെ മടക്കിക്കുത്തി കലങ്ങിച്ചു വന്ന കണ്ണുകളുമായി റോഡിൽ നോക്കി ഒരു നിൽപ്പുണ്ട്. പരുത്ത ശബ്ദമാണ്. രണ്ട് കൈ കൊണ്ടും “കേരള ശബ്ദ “ത്തിൽ അന്ന് തുടരൻ എഴുത്താണ് .
റിട്ടയർ ചെയ്ത ശേഷം 1985 ൽ സ്വന്തമായി “അയ്യനേത്ത് ബുക്സ് ” തുടങ്ങി. അതിനുവേണ്ടിയും കഥാസരിത്സാഗരവും ബൈബിൾ കഥകളും വേറെ നിരവധി കൃതികളും എഴുതി.
നോവലുകളിൽ ശ്രദ്ധേയമായ വ :”മനുഷ്യാ നീ മണ്ണാകുന്നു, ” “വാഴ്വേമായം “, “ഭ്രമണം, ” “കൊടുങ്കാറ്റും കൊച്ചു വള്ളവും “, “ദുർഭഗ “, ” വളർത്തുനായ്”, “തെറ്റ്, ” “കല്യാണപ്പെണ്ണ്”, “നിദ്രാടനം “, “വേട്ട, ” “ഹോമം “, “മായേ മഹാമായേ, ” “ഹവ്വായുടെ പുത്രിമാർ, ” “വിഡ്ഢി കൾ പമ്പര വിഡ്ഢികൾ ” , “പരിസരം കത്തുന്നു “, “ഒരു പിണക്കത്തിന്റെ അന്ത്യം. ” “അല്പം മധുരം അല്പം കയ്പ് “.പി. അയ്യനേത്തിന്റെ നോവലുകളുടെ ശീർഷകങ്ങൾ സ്വയം സംസാരിക്കുന്നവയാണ്.
അവസാന കാലത്തെഴുതിയ ചില നോവലുകളുണ്ട്. ചാട്ടുളി പോലെ തുളച്ചു കയറുന്നവ.
ആദ്യ കാല നോവലുകൾ പൗരോഹിത്യത്തിനെതിരെയും കാപട്യസദാചാരത്തിനെതിരെയുമായിരുന്നു. എന്നാൽ പിൽക്കാലത്ത് സാമൂഹ്യ വിമർശനവും രാഷ്ട്രീയ വിമർശനവും സാദ്ധ്യമാക്കുന്ന നോവലുകളായിരുന്നു.അവയുടെ ശീർഷകങ്ങളിൽ തന്നെ ആ പ്രമേയം ഒളിച്ചിരുപ്പുണ്ട്.
“ഇരുകാലികളുടെ തൊഴുത്ത്, ” “ഇവിടെയെല്ലാം പൊയ്മുഖം “., “താളം പിഴച്ച നേതൃത്വം ”
ഈ മൂന്ന് നോവലുകളുംതുറന്നെഴുത്തിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്.
പി. അയ്യനേത്തിന്റെ ഏഴെട്ടു നോവലുകൾ സിനിമയായിട്ടുണ്ട്.അവയിൽ ഏറ്റവും ആദ്യം 1970 ൽ സത്യൻ അഭിനയിച്ച “വാഴ്വേ മായ “മാണ്. ദുർഭഗ , സന്ധ്യാവന്ദനം, വൃഥാസ്ഥൂലം, തെറ്റ്, മുഹൂർത്തങ്ങൾ, കർണ്ണപർവ്വം എന്നിവയാണ് മറ്റു സിനിമകൾ. ഇവിടെ ജീവിതം ആരംഭിക്കുന്നു എന്ന നോവൽ “ചൂതാട്ട “മെന്ന പേരിൽ സിനിമ 1981 ൽ റിലീസ് ചെയ്തു.പി. അയ്യനേത്തിനെപ്പറ്റി ഓർക്കുമ്പോഴൊക്കെ ഒരു നോവൽ എന്റെ മനസ്സിൽ നിറയും.”വേഗത പോരാ പോരാ “! എത്ര വേഗതയിലാണ് അദ്ദേഹം എഴുതിയിരുന്നത്.
അദ്ദേഹത്തിന്റെ കൃതികളിൽ മിക്കതിലും ഒരാക്സിഡന്റ് കാണും. വേഗതയും ആക്സിഡന്റും: ഇവ തമ്മിൽ അറം പറ്റുന്നതുപോലെയാണ് പി. അയ്യനേത്തിന്റെ ജീവിതത്തിലും സംഭവിച്ചത്.
റോഡ് ആക്സിഡന്റ് !2008 ജൂൺ 17 ന് കുമാരപുരത്തെ വീട്ടിൽ നിന്ന് റോഡ് കുറുകെ മുറിച്ച് കടക്കുന്നതിനിടയിൽ പോരാ വേഗതയെന്ന് നോവലിൽ പറഞ്ഞിരിക്കുന്നത് വായിച്ച ആരോ ആയിരിക്കണം വേഗതയിൽ സ്കൂട്ടറിൽ പാഞ്ഞു വന്ന് മൃത്യുവിന്റെ വായിലേക്ക് പി.അയ്യനേത്തിനെ തട്ടിത്തെറിപ്പിച്ചിടുകയായിരുന്നു.
! നോവലിസ്റ്റിന്റെ അന്ത്യം അങ്ങനെയായിരുന്നു.എന്നിട്ടും ജീവിച്ചില്ലേ 80 വയസ്സ് വരെ!