കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് വര്‍ധിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ഇന്നു രാവിലെ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
കിഴക്കന്‍ ജില്ലകളില്‍ മഴ കുറയുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകും. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലയില്‍ പ്രത്യേകിച്ച് കുട്ടനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട് മേഖലകളില്‍ ജലനിരപ്പ് ഇന്ന് പകല്‍ ഗണ്യമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഇന്നു തന്നെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും മുന്‍കരുതല്‍ സംവിധാനം സജ്ജമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ യോഗങ്ങളില്‍ പങ്കെടുപ്പിക്കും. തദ്ദേശ സ്ഥാപന വാര്‍ഡ് തലത്തില്‍ ജനകീയ സമിതികള്‍ ചേരണമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പെരുമാങ്കരയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പാലങ്ങള്‍ക്കു താഴെ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും തടികളും മറ്റും അടിയന്തിരമായി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിന് ജലസേചന വകുപ്പിനെയും എല്ലാ മേഖലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് വാട്ടര്‍ അതോറിറ്റിയെയും യോഗം ചുമതലപ്പെടുത്തി. മാലിന്യങ്ങള്‍ നീക്കുന്ന ജോലികള്‍ക്ക് ഇറിഗേഷന്‍ വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ജലനിരിപ്പ് ഉയരുന്ന മേഖലകളില്‍ ആളുകള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാതിരിക്കുന്നതിന് കെ.എസ്.ഇ.ബി ജാഗ്രത പുലര്‍ത്തണം.
കൈനകരി, വീയപുരം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് സുസജ്ജമായ സംവിധാനം ഉറപ്പാക്കും. കോവിഡ് സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് ആളുകളെ താമസിപ്പിക്കുന്നതിന് പ്രാദേശിക കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.
തീരദേശ മേഖലയിലെ എം.എല്‍.എമാര്‍ മുന്‍കൈ എടുത്ത് അടിയന്തര സാഹചര്യത്തില്‍ സന്നദ്ധ സേവനം ലഭ്യമാക്കുന്നതിന് മത്സ്യത്തൊഴിലാളികളെ സജ്ജരാക്കും. മൊബൈല്‍ മെഡിക്കല്‍ ടീമുകള്‍, ആംബുലന്‍സുകള്‍, മരുന്നിന്റെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.
വെള്ളപ്പൊക്കത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഇതുവരെ ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറും വിവിധ വകുപ്പ് മേധാവികളും വിശദീകരിച്ചു. ഓണ്‍ലൈന്‍ യോഗത്തില്‍ എ.എം. ആരിഫ് എം.പി, എം.എല്‍.എമാരായ രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, പി.പി. ചിത്തഞ്ജന്, എച്ച്. സലാം, ദലീമ ജോജോ, എം.എസ്. അരുണ്‍കുമാര്‍, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, മന്ത്രി പി.പ്രസാദിന്റെ പ്രതിനിധി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.