ആലപ്പുഴ: പല മേഖലകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന് നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ(ഒക്ടോബര്‍ 17) രാവിലെ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിവരികയാണെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു.
കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്ക് പ്രദേശങ്ങളിലെ നദികളുടെയും കൈവഴികളുടെയും കരകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുട്ടനാട്ടിലും ചെങ്ങന്നൂരിലും രക്ഷാ പ്രവർത്തനം നടത്തുന്നതിനായി അഞ്ച് വീതം മത്സ്യ ബന്ധന ബോട്ടുകളും കുട്ടനാട്ടിൽ ജലഗതാഗത വകുപ്പിന്റെ 17 ബോട്ടുകളും സജ്ജമാക്കി.
നിയോജക മണ്ഡലങ്ങളില്‍ എം.എൽ.എ.മാർ, ഡെപ്യൂട്ടി കളക്ടർമാര്‍, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. യോഗങ്ങളിലെ തീരുമാനമനുസരിച്ച് ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ജില്ലാ കളക്ടർ വീയപുരം, ചെങ്ങന്നൂർ, മങ്കൊമ്പ്, കാവാലം, ചെറുതന, പെരുമാങ്കര പാലം, പാണ്ടി പാലം എന്നീ മേഖലകളില്‍ സന്ദർശനം നടത്തി സ്ഥിതി വിലയിരുത്തി. പാലങ്ങളുടെ തൂണുകളില്‍ തടികളും മാലിന്യങ്ങളും വന്‍തോതില്‍ അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരുന്നു. മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജലസേചന വകുപ്പ് ജെ.സി.ബി ഉപയോഗിച്ച് ഇവ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി.
ഇന്നലെ(ഒക്ടോബര്‍ 17) വൈകുന്നേരം ഏഴു വരെ ആലപ്പുഴ ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 383 കുടുംബങ്ങളിലെ 1402 പേര് ക്യാമ്പുകളിലുണ്ട്.
എല്ലാ താലൂക്ക് ഓഫീസുകളിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീരദേശത്തേയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെയും വില്ലേജ് ഓഫീസുകളിലും കണ്ട്രോള് റൂമുകളുണ്ട്.