തലശ്ശേരിയിലെ തിരുവങ്ങാട് ഗേള്‍സ് സ്ക്കൂളില്‍ വെച്ചായിരുന്നു നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി അവതരിപ്പിച്ചത്. അന്ന് മലബാറില്‍ ഏറ്റവുമധികം ജനങ്ങള്‍ തടിച്ചുകൂടിയ ഒരു വേദികൂടിയായിരുന്നു അത്. കാസര് ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള ആളുകള്‍ നാടകം കാണാനായി വന്നിരിക്കുകയാണ്. അവര്‍ ജീപ്പുകളിലും വാനുകളിലുമായി വന്ന് വാഹനങ്ങള്‍ സ്കൂള്‍ മൈതനത്ത് പാര്‍ക്ക് ചെയ്തിരിക്കുകയാണ്. പാര്‍ട്ടിയുടെ വിവിധ ജില്ലാതല നേതാക്കളും അവരുടെ പ്രവര്‍ത്തകരും കൊണ്ട് നിറഞ്ഞു കവിഞ്ഞ സദസ്സ്. അന്നത്തെ സമ്മേളനം എ.കെ.ജി ആണ് ഉദ്ഘാടനം ചെയ്തത്.
രാത്രി ഒന്‍പതരമണിക്കാണ് നാടകം തുടങ്ങാനുള്ള സമയം ആയത്. എ.കെ.ജിയുടെ പ്രസംഗം കഴിഞ്ഞ് കര്‍ഷകത്തൊഴിലാളികളും സാധാരണക്കാരും പാര്‍ട്ടിപ്രവര്‍ത്തകരും കൂടി ആകാംക്ഷയുടെയും കാത്തിരിപ്പിന്റെയും നിമിഷപുഷ്പങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് പറിച്ചെടുത്തുകൊണ്ടിരിക്കുന്നു.
ചുവന്ന കര്‍ട്ടനിലെ കെ.പി.എ.സി.യുടെ മുദ്രയില്‍ നോക്കി അക്ഷമരായി ആയിരങ്ങള്‍ ഇരിക്കുമ്പോളാണ് ഒരു അനൗണ്‍സ്മെന്റ് വരുന്നത്. നാടകം ആരംഭിക്കുന്നു. എന്നു പറഞ്ഞപ്പോള്‍ ആയിരം ചിറകടിയൊച്ചപോല്‍ നിലക്കാത്ത കൈയ്യടികള്‍ അവിടെ മുഴങ്ങി. കര്ട്ടന് ഉയര്‍ന്നു. എങ്ങും നിശബ്ദതയായിരുന്നു. വേദിയില്‍നിന്ന് സംഭാഷണങ്ങളും പാട്ടുകളും അല്ലാതെ മറ്റൊരു ശബ്ദവും അവിടെ കേള്‍ക്കാനില്ല.
സാധാരണ സ്റ്റേജില്‍ നില്ക്കുമ്പോള് കണ്ണുകളിലേക്ക് സ്റ്റേജ് ലൈറ്റ് എത്ര കടന്നു വന്നാലും അതിനു പുറകില്‍ കാഴ്ചക്കാരായി നില്ക്കുന്ന കാണികളുടെ എന്തെങ്കിലും ഒരു സാന്നിധ്യം അഭിനയത്തിനിടെ അറിയാന്‍ പറ്റും. സൂക്ഷിച്ചു നോക്കിയാല്‍ തെളിഞ്ഞുവരുന്ന പുരുഷാരത്തിന്റെ നിറങ്ങള്‍. ഇരുട്ടില്‍നിന്ന് തെളിഞ്ഞു വരുന്ന ആയിരം മുഖങ്ങള്‍. അവരുണ്ടാക്കുന്ന എന്തെങ്കിലും ശബ്ദങ്ങള്‍. അതുമല്ലെങ്കില്‍ വളരെ നേര്മ്മയോടെ ശ്രദ്ധിച്ചാല്‍ അവരുടെ ശ്വാസോച്ഛ്വാസം പോലും പിടിച്ചെടുക്കാന്‍ പറ്റും. എത്ര തീവ്രമായ ഭാവാവിഷ്കാരങ്ങളുടെ സങ്കീര്‍ണ്ണതയില്‍ അകപ്പെട്ടാലും ഒരു അഭിനേതാവിനെ സംബന്ധിച്ച് കാണിയുടെ ഒരു ചെറു സാന്നിധ്യമെങ്കിലും സ്വാംശീകരിക്കാതെയുള്ള നില്‍പ്പ് മറ്റൊരു ശൂന്യതയെയാണ് സൃഷ്ടിക്കുക.
ആയിരങ്ങള്‍ വീര്‍പ്പടക്കി നില്‍ക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ അത്ഭുതമാകും. തിരുവങ്ങാട്ടെ ഗേള്‍സ് സ്കൂളില്‍ കൂടിയ മലബാറിന്റെ പരിച്ഛേദത്തെ താന്‍ തന്നെ പടുത്തുയര്‍ത്തിയ ഒരു ഈണത്തിന്റെ പൊങ്ങിയുയരുന്ന രാഗവിതാനത്തിനു മീതെ കൂടി നോക്കുമ്പോള്‍ അവിടെ ശൂന്യതമാത്രമെന്നു തോന്നി അല്പനിമിഷം നിന്നു. സുലോചനയിലെ സുമം.
ഇല്ല തനിക്ക് തോന്നിയതാണ്, ആ നിശബ്ദത രാത്രി ഒന്നിളകാന്‍ തുടങ്ങിയപോലെയുണ്ട്. ഓരോ നിമിഷങ്ങളേയും ശ്രദ്ധിച്ച് വീക്ഷിച്ചുകൊണ്ടിരിക്കുന്ന ആയിരങ്ങളുടെ മനസ്സ് ഇപ്പോള്‍ ഒന്നായിരിക്കും. ഒരു മനസ്സായി അത് ഉണര്‍ന്നിരിക്കുകയാണ്. ഉണര്‍വ്വിന്റെ അഗാധതയെന്നത് നിശബ്ദതയായിരിക്കുമോ? സുലോചനക്ക് അത് കണ്ടപ്പോള്‍ അങ്ങനെ തോന്നി.
ഒടുക്കം മാലയുടെ കൈകളില്‍ നിന്ന് പരമുപിള്ള ചെങ്കൊടി വാങ്ങി, ഇങ്ങു താ മോളേ, ഇതെനിക്ക് പിടിക്കണം എന്ന നാടകത്തിന്റെ ഏറ്റവും വൈകാരികതയേറിയ അന്ത്യരംഗം, അത് അവതരിപ്പിക്കുമ്പോള്‍ ആയിരത്തോളം വേദികളിലായി മുഴങ്ങിക്കൊണ്ടിരുന്ന ആ ഇരമ്പവും കേട്ടില്ല. സുലോചന വീണ്ടും നോക്കി. ഇല്ല ശബ്ദമൊന്നുമില്ല. പ്രതികരണമൊന്നുമില്ലാത്തതെന്തേ എന്ന് ചെവിയോര്‍ക്കെ അതാ വരുന്നു ഇതുവരെ കേള്‍ക്കാത്ത മറ്റൊരു കടലിന്റെ ശബ്ദം. അതൊരു തിര മാത്രമയിരുന്നില്ല. ഒടുങ്ങാത്ത ആവേശത്തിന്റെ പെരുങ്കടല്ത്തിരമാലകളായിരുന്നു. നാടകത്തിന്റെ അവസാന നിമിഷം പോലും പിടിച്ചെടുക്കാനായി നിശബ്ദമായി പിന്‍വാങ്ങി നിന്ന ഒരു പോരാട്ടവീര്യങ്ങളില്‍ നിന്നിളകിപ്പോയ മറ്റൊരു താളപ്പെരുക്കം.
കര്ട്ടന് താഴേക്ക് വീഴുന്നതിനുമുന്‍പുള്ള ആ ഒറ്റ നിമഷത്തില്‍ ആ കടല്‍ ഒന്നിച്ച് എഴുന്നേറ്റു നിന്നു, ഒരേ ശബ്ദത്തില്‍ ഇങ്കുലാബ് സിന്ദാബാദ് വിളിച്ച് ആ കൊട്ടക പൊളിച്ചു കളയുന്ന ഉച്ചത്തില്‍ അന്തരീക്ഷം മുഴക്കി നിന്നു. ആ ഘനഗംഭീരശബ്ദം.
അതു കഴിഞ്ഞ് നാടകം കല്ല്യാശ്ശേരിയിലെ പി.കൃഷ്ണപിള്ള മെമ്മോറിയല്‍ സ്കൂളിന് ഫണ്ട് സമാഹരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച നാടകമായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നെഴുതിയ വലിയ തുണി വലിച്ചുകെട്ടിയിരിക്കുന്നു. അന്ന് എല്ലാവര്‍ക്കുമുള്ള ഭക്ഷണം തയ്യറാക്കിയത് കെ.പി.ആര് ഗോപാലന്റെ വീട്ടില്‍ നിന്നുമായിരുന്നു. മലബാറിലെ ഭക്ഷണം ഇത്ര ആസ്വാദ്യകരമായി സുലോചന കഴിക്കുന്നത് അവിടെ വെച്ചാണ്.
അവിടെവെച്ച് സുലോചനക്ക് ഒരു കൂട്ടുകാരിയെയും കിട്ടി. സുലോചനയുടെ തന്നെ സമപ്രായക്കാരിയായവള്. കെ.പി.ആര് ഗോപാലന്റെ അനിന്തരവള്‍ ശാരദ. അവര്‍ വളരെ പെട്ടെന്നു തന്നെ സുഹൃത്തുക്കളായി. കല്ലുമ്മക്കായ വറുത്തതും പൊരിച്ചതും കറിവെച്ചതും നല്ല നെയ്ച്ചോറും കുമ്പളങ്ങക്കറിയും വല്ലാത്തൊരു രുചിയായിരുന്നു. ഒരിക്കലും നാവിന് തുമ്പില്‍ നിന്നു പോകാത്ത വിധം ആ എരിവും പുളിയും ചേരുന്ന ചേരുവകള്‍ മറ്റൊരു കടല്‍ വിഭവത്തില്‍ നിന്നും സുലോചനക്ക് കിട്ടാത്തതാണ്.
നാടകത്തിന്റെ മഹത്തായ പാരമ്പര്യമുറങ്ങുന്ന മണ്ണാണ് അത്. മഹാകവി കുട്ടമ്മത്തും വിദ്വാന് പി കേളുനായരും പടുത്തുയര്‍ത്തിയ സംഗീതനാടകപാരമ്പര്യത്തിന്റെ വഴിയില്‍നിന്ന് പുരോഗമനാശയങ്ങളുമായി മുന്നോട്ടു വന്ന കെ കേളപ്പനും, മൊയ്യാരത്തു ശങ്കരനും വിഷ്ണു ഭാരതീയനും കെ.പി.ആര് ഗോപാലനും തുടങ്ങിവെച്ച മറ്റൊരു വഴി കൂടിച്ചേരുന്നുണ്ട്. അതിന്റെ അവസാനമാണ് കെ.ദാമോദരനും ചെറുകാടും ഇടശ്ശേരിയും വന്നത്. പിന്നീട് തിക്കോടിയനും കെ.ടി.മുഹമ്മദും അങ്ങനെ സമകാലീകരായ നൂറുകണക്കിന് നാടകരചയിതാക്കളുമായി ഇന്ന് മലബാര്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇന്നലെ വേറൊരിടത്ത് ഇതു ഭൂമിയാണ് എന്ന നാടകം കളിച്ചിട്ടുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കാണാനായി വന്ന് കെ.ടി. മുഹമ്മദ് നാടക ക്യാമ്പിലെത്തി പറയുമ്പോഴാണ് അറിയുന്നത്. അദ്ദേഹം കമ്മ്യൂണിസ്റ്റാക്കി മുഴുവനായും കണ്ടു. എന്നിട്ട് എല്ലാവരെയും പരിചയപ്പെടാന്‍ വേണ്ടി നാടകക്യാമ്പിലേക്ക് വന്നു. സുലോചനയും സുധര്‍മ്മയും വിജയകുമാരിയും ഉള്‍പ്പെടെ എല്ലാ അഭിനേതാക്കളുമായും കെ.ടി.മുഹമ്മദ് സംസാരിച്ചു. എന്നിട്ട് കമ്മ്യൂണിസ്റ്റാക്കി നാടകത്തെക്കുറിച്ചെഴുതിയ അദ്ദേഹത്തിന്റെ ഒരു ആസ്വാദനക്കുറിപ്പു കൂടി കൊണ്ടു വന്ന് ജനാര്‍ദ്ദനക്കുറുപ്പിന് കൊടുത്തു. അതില്‍ ഗോപാലന്, മാത്യു എന്നീ കഥാപാത്ര സ്വീകരണത്തില്‍ കാണിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. മറ്റൊന്ന് നാടകത്തിന്റെ പശ്ചാത്തലം കുറച്ചുകൂടി പഠനാര്‍ഹമായി ചെയ്യണം എന്നതായിരുന്നു. ഇവ ഒഴിച്ചാല്‍ കമ്മ്യൂണിസ്റ്റാക്കി ഒരു വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
മലബാറില്‍ ആഴ്ചകള്‍ നീണ്ട പര്യടത്തിനൊടുവില് കോഴിക്കോട് മുതലക്കുളം മൈതാനത്തു കൂടിയ പൊതു സമ്മേളനത്തോടെയാണ് വടക്കന്‍ യാത്രക്ക് വിരാമമായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന സഖാവ് ഇ.എം.എസ് സമ്മേളനം അന്ന് ഉദ്ഘാടനം ചെയ്തു. കെ.പി.എ.സി അംഗങ്ങളെല്ലാവരെയും അന്ന് രക്തഹാരം അണിയിച്ചു. എല്ലവരുടെയും കണ്ണുകള്‍ ചുവന്നു. ഉറക്കെ ശബ്ദത്തില്‍ അവര്‍ മുദ്രാവാക്യം വിളിച്ച് കെ.പി. എ.സി.യുടെ വാനില്‍ കയറ്റി യാത്രയാക്കി. മടങ്ങുന്ന വാനിന്റെ മുന്നില്‍ രാത്രി മുഴുവനും ആ ചെങ്കൊടി നിലക്കാതെ പാറിക്കൊണ്ടിരുന്നു.