ദുബൈ: ഒക്ടോബർ ഒന്നിന് ആരംഭിച്ച എക്സ്പോ 2020ന്റെ രണ്ടാം വാരത്തിൽ ഏഴ് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. ഒക്ടോബർ 11 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ 7,71,477 പേരാണ് എക്സ്പോ കാണാനെത്തിയത്. തിങ്കളാഴ്ച രാവിലെ നടന്ന വാർത്താ സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
നാല് ചതുരശ്ര കിലോമീറ്റരിൽ പരന്നുകിടക്കുന്ന എക്സ്പോ വേദിയിൽ ഇക്കഴിഞ്ഞ ഒരാഴ്ച മാത്രം 181 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെത്തി. സന്ദർശകരുടെ എണ്ണത്തിൽ ഒരാഴ്ച കൊണ്ട് 12 ശതമാനം വർദ്ധനവുണ്ടായി. കാണാനെത്തുന്നവരിൽ പകുതിയോളം പേരും പല തവണ എക്സ്പോ വേദിയിലെത്താനുള്ള സീസൺ പാസ് വാങ്ങിയവരാണ്. ഒരു ലക്ഷത്തിലധികം പേരും രണ്ടാം തവണ എക്സ്പോ വേദിയിലെത്തിയവരുമായിരുന്നു. 35,000 പേരാണ് മൂന്നാമത്തെ സന്ദർശനത്തിനെത്തിയത്.
എക്സ്പോ തുടങ്ങി ആദ്യ 10 ദിവസത്തിനുള്ളിൽ തന്നെ 4,11,768 പേരാണ് ടിക്കറ്റുകൾ സ്വന്തമാക്കി സന്ദർശനത്തിനെത്തിയത്. സംഘാടകരും മറ്റ് പരിപാടികളിൽ പങ്കെടുക്കാനെത്തിയവരും ക്ഷണിതാക്കളും ഒഴികെയുള്ളവരുടെ കണക്കാണിത്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സ്കൂൾ വിദ്യാർത്ഥികളും കൂട്ടമായി എക്സ്പോ വേദിയിലെത്തിത്തുടങ്ങുന്നതായി സംഘാടകർ അറിയിച്ചു.