കുവൈത്ത് സിറ്റി: കുവൈത്തിലെ മിനാ അൽ അഹ്മദി എണ്ണ ശുദ്ധീകരണ ശാലയിൽ തീപ്പിടുത്തം. തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഇവിടുത്തെ ഏതാനും ജീവനക്കാർക്ക് പരിക്കേറ്റതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കിയതായാണ് ഔദ്യോഗിക വാർത്താ ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നത്.
റിഫൈനറിയിലെ അറ്റ്മോസ്റഫറിക് റെസിട്യൂ ഡീസൾഫറൈസേൻ (എ.ആർ.ഡി) യൂണിറ്റുകളിലൊന്നിലാണ് തീപ്പിടുത്തമുണ്ടായത്. റിഫൈനറിയിലെ അഗ്നിശമന വിഭാഗം ഉടൻതന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ആദ്യം അറിയിച്ച കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി, പിന്നീട് ഏതാനും പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ചിലർക്ക് ഗുരുതരമല്ലാത്ത പരിക്കുകൾ സംഭവിച്ചുവെന്നും പുകനിറഞ്ഞ് ചിലർക്ക് ശ്വാസതടസം അനുഭവപ്പെട്ടുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ആശങ്കാജനകമല്ലെന്നാണ് റിപ്പോർട്ടുകൾ.
റിഫൈനറിയുടെ പ്രവർത്തനത്തെയോ ഇവിടെ നിന്നുള്ള പ്രാദേശിക എണ്ണ വിതരണത്തെയോ അന്താരാഷ്ട്ര കയറ്റുമതിയെയോ ഒരു തരത്തിലും അപകടം ബാധിച്ചിട്ടില്ല. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ മൂന്ന് എണ്ണ ശുദ്ധീകരണശാലകളിൽ ഏറ്റവും വലുതാണ് മിനാ അൽ അഹ്മദി റിഫൈനറി. 1949ലാണ് ഇത് പ്രവർത്തനം തുടങ്ങിയത്. പത്തര ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ നിന്ന് പ്രതിദിനം 4,66,000 ബാരൽ പെട്രോളാണ് ഉത്പാദിപ്പിക്കുന്നത്.
Watch: A fire breaks out in the atmospheric residue desulfurization (ARDS) unit of the Mina al-Ahmadi Refinery in #Kuwait after an explosion was heard in the area.https://t.co/599mzJxa9N pic.twitter.com/TkFDZRHxL2
— Al Arabiya English (@AlArabiya_Eng) October 18, 2021