ടെലികോം മേഖലയിൽ 100% വിദേശ നിക്ഷേപം അനുവദിച്ചുള്ള കേന്ദ്രസർക്കാർ തീരുമാനം രാജ്യത്തെ ടെലികോം മേഖലയിൽ പുത്തനുണർവുണ്ടാക്കുമെന്നും കൂടുതൽ നിക്ഷേപം ടെലികോം കമ്പനികളിൽ വരുന്നതോടെ ഉപഭോക്താക്കാൾക്ക് അതിന്റെ ഗുണമുണ്ടാകുമെന്നാണു വിശ്വാസമെന്നും ടെലികമ്യൂണിക്കേഷൻ വകുപ്പ് സീനിയർ ഡപ്യൂട്ടി ഡയറക്ടർ ജനറൽ പി.ടി. മാത്യു. 25 വർഷത്തെ കേരളത്തിന്റെ ടെലികോം ചരിത്രത്തിലെ സുപ്രധാന നേട്ടം സ്വകാര്യവൽക്കരണമാണെന്നും സ്വകാര്യ കമ്പനികളുടെ വളർച്ചയും മൽസരവുമാണ് ഇന്ത്യയിൽ ടെലികോം മേഖലയിൽ നിർണായക സ്വാധീനമായതെന്നും മലയാള മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
∙ വൻ നിക്ഷേപം ആവശ്യം
വലിയ നിക്ഷേപം വേണ്ട മേഖലയാണ് ടെലികോം രംഗം. മുൻകാലങ്ങളിലായി ഏകദേശം 16 സേവനദാതാക്കൾ ഉണ്ടായിരുന്നിടത്തു നിന്ന് ഇപ്പോൾ 4–5 സേവനദാതാക്കൾ എന്ന നിലയിലേക്ക് ഇന്ത്യയിലെ ടെലികോം മേഖല ചുരുങ്ങിയതിനു കാരണവും വൻ നിക്ഷേപമെന്ന ഘടകം തന്നെയാണ്. സ്പെക്ട്രത്തിനു മാത്രം ഏകദേശം 50,000 കോടിയുടെ നിക്ഷേപം ആവശ്യമാണ്. ഇന്ത്യയിൽ മാത്രമല്ല യുഎസ് പോലുള്ള വികസിത രാജ്യങ്ങളിലും സേവനദാതാക്കളുടെ എണ്ണം അഞ്ചോ ആറോ ആണ്. വിദേശ നിക്ഷേപം വരുന്നതോടെ മേഖലയിൽ വൻ ഉണർവ് പ്രതീക്ഷിക്കുന്നുണ്ട്.
∙ കോവിഡിനൊപ്പം വളർന്ന് ടെലികോം മേഖല
കോവിഡ് വ്യാപനം വന്നതോടെ കഴിഞ്ഞ ഒന്നര വർഷമായി ഡേറ്റ ഉപയോഗം വൻ തോതിൽ രാജ്യത്ത് വർധിച്ചു. 2019ൽ 7,600 കോടി ജിബിയായിരുന്ന വയർലെസ് ഡേറ്റ ഉപയോഗം 2020 ൽ 10,300 കോടി ജിബിയായി വളർന്നു. ഇത് ടെലികോം മേഖലയിൽ വലിയൊരു മാറ്റത്തിനാണ് വഴി തുറന്നത്. പഠനം, ജോലി, ഷോപ്പിങ് എന്തിനേറെ ഡോക്ടറെ കാണുന്നതുൾപ്പെടെ ഓൺലൈനിലേക്കു മാറിയപ്പോൾ കേരളം ഡേറ്റ വാങ്ങിച്ചു കൂട്ടി. ഇത് ഇന്റർനെറ്റ് സ്പീഡിനെയും ബാധിച്ചു. കോവിഡ് കാലത്ത് മറ്റു മേഖലകൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യത്തിനായി 33 ശതമാനമാണ് ടെലികോം മേഖലയുടെ സഹായം.
∙ വേണം ഇരട്ടി ടവറുകൾ
വേണ്ടത്ര ടവറുകളില്ലാത്തതു തന്നെയാണ് കേരളം നേരിടുന്ന വലിയ പ്രതിസന്ധി. ശരാശരി 1000 ആളുകൾക്ക് ഒരു ടവർ എന്ന കണക്കെടുത്താൽ കേരളത്തിൽ 38,000 ടവർ എങ്കിലും വേണം. ആകെയുള്ളത് 19,000 ടവറുകളാണ്. അതായത് ഒരു ടവർ ഉപയോഗിക്കുന്നത് 2000 ആളുകൾ. ഡേറ്റ ലാഗിങ്ങിനുള്ള ഒരു പ്രധാന കാരണം ഇതാണ്. ഓരോ ടവറിലേക്കും ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി നൽകുന്നത് കേരളത്തിൽ 33% മാത്രമാണ് പൂർത്തിയായിട്ടുള്ളത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ എല്ലാ ടവറുകളിലും ഒപ്റ്റികൾ ഫൈബർ കണക്ടിവിറ്റി ഉറപ്പാക്കാനാണ് ടെലികോം വിഭാഗം ലക്ഷ്യമിടുന്നത്.
∙ റേഡിയേഷനെ പേടിക്കേണ്ട
ടവർ സ്ഥാപിക്കുന്നതു സംബന്ധിച്ച് നാട്ടിൽ നിലനിൽക്കുന്ന റേഡിയേഷൻ ഉൾപ്പെടെയുള്ള ഊഹാപോഹങ്ങൾ ചെറിയ തോതിലെങ്കിലും കണക്ടിവിറ്റിയെ ബാധിക്കുന്നുണ്ട്. ടവർ സ്ഥാപിക്കുന്നവർക്ക് 20,000 രൂപ വാടകയിനത്തിൽ ലഭിക്കും. ടവർ വരുന്നതോടെ സ്ഥലത്തിനു വില കുറയും, റേഡിയേഷൻ കൂടും തുടങ്ങിയ വാദങ്ങളും പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ ഭാവിയിൽ ടവറുള്ളിടത്ത് കണക്ടിവിറ്റി കൂടും എന്നുള്ളതു കൊണ്ട് സ്ഥലത്തിനു വില കൂടിയേക്കാമെന്ന മറുവാദമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.
മനുഷ്യ ശരീരത്തിന് ഹാനികരമല്ലാത്ത കുറഞ്ഞ ഫ്രീക്വൻസിയിലുള്ള നോൺ–അയണൈസിങ് റേഡിയേഷനുകളാണ് മൊബൈൽ കമ്യൂണിക്കേഷനിൽ ഉപയോഗിക്കുന്നത്. മൊബൈൽ ടവറുകളിൽ നിന്നുള്ള ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കുന്നവയല്ലെന്ന് ലോകാരോഗ്യ സംഘടനയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തര തലത്തിൽ റേഡിയേഷന്റെ അംഗീകൃത തോത് 4.5വാട്ട്/ ചതുരശ്ര മീറ്ററാണ്. എന്നാൽ ഇന്ത്യയിൽ ഇത് .45 വാട്ട്/ ചതുരശ്ര മീറ്ററാണ്. അതായത് രാജ്യാന്തര മാനദണ്ഡത്തിന്റെ പത്തിലൊന്ന് കർശന നിയന്ത്രണത്തോടെയാണ് ഇന്ത്യയിൽ ഇതു നടപ്പാക്കുന്നത്. റേഡിയേഷനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒഴിവാക്കാൻ ജില്ലാതലത്തിൽ ബോധവൽക്കരണ പരിപാടികളും ടെലികോം വകുപ്പ് നടത്തിവരുന്നു. കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള ടെലികോം കമ്പനികൾ കൂടുതൽ ടവറുകളും മറ്റും സ്ഥാപിച്ച് ഡേറ്റ കൈമാറ്റം ശക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
∙ ആത്മനിർഭർ ഭാരത്: പ്രതിസന്ധി താൽക്കാലികം
ആത്മനിർഭർ ഭാരത് പദ്ധതി വരുന്നതോടെ ഇന്ത്യയിൽ തൊഴിൽ സാധ്യത കൂടും. സാങ്കേതിക സഹായത്തിനായി നമുക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ഉപകരണങ്ങളുടെ ദൗർലഭ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ താൽക്കാലികം മാത്രമാണ്.
∙ അടുത്തവർഷം 5ജി; 100 എംബിപിഎസ് വേഗം
അടുത്ത വർഷത്തോടെ 5ജി സേവനങ്ങൾ ഇന്ത്യയിലെത്തുമെന്നു തന്നെയാണ് ടെലികോം മേഖല നൽകുന്ന ഉറപ്പ്. ടെലികോം സേവനദാതാക്കൾക്ക് ഇതിനായി സ്പെക്ട്രം പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിട്ടുമുണ്ട്. ഇന്ത്യയിൽ 90% ഇന്റർനെറ്റ് ഉപഭോക്താക്കളും 4ജി സേവനം ഉപയോഗിക്കുന്നവരാണ്. ഇവർ പുതിയ ഹാൻഡ്സെറ്റിലേക്ക് മാറാൻ സമയമെടുക്കുമെന്നതിനാൽ 4ജി കവറേജിൽ സാധ്യമായ 5ജി സേവനങ്ങൾ നൽകുകയാണ് ഓപ്പറേറ്റർമാരുടെ പ്രാഥമിക ലക്ഷ്യം.
10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ടെലികോം രംഗത്ത് സുപ്രധാന ചുവടുവയ്പാകാൻ പോകുന്നതും 5ജിയുടെ വരവു തന്നെയാണ്. 4ജിയിൽ ഉപഭോക്താവിന് ശരാശരി 10 എംബിപിഎസ് വേഗം ലഭിക്കുമ്പോൾ 5ജിയിൽ അത് 100 എംബിപിഎസ് ആയിരിക്കും. 2 മണിക്കൂർ ദൈർഘ്യമുള്ള സിനിമ ഡൗൺലോഡ് ചെയ്യാൻ വേണ്ടി വരിക 3.6 സെക്കൻഡ് മാത്രം. മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യുമ്പോഴും ഇന്റർനെറ്റ് ഉപയോഗിക്കാം. ഒരു ചതുരശ്ര കിലോമീറ്ററിൽ 10 ലക്ഷം ഉപകരണങ്ങൾ 5ജി നെറ്റ്വർക്കിൽ കണക്ട് ചെയ്യാം. ഉപകരണങ്ങൾ തമ്മിലുള്ള ആശയകൈമാറ്റം (ഇന്റർനെറ്റ് ഓഫ് തിങ്സ്) ഇതു വേഗത്തിലാക്കും.
വീട്ടുപകരണങ്ങൾ, ആരോഗ്യനിരീക്ഷണ ഉപകരണങ്ങൾ എന്നിവ ഇന്റർനെറ്റ് അധിഷ്ഠിത നെറ്റ്വർക്കായി വളരുമ്പോൾ ലോകം മറ്റൊരു സുപ്രധാന ചുവടുവയ്പ്പിലേക്കുള്ള പ്രയാണം തുടങ്ങുകയായി. 5ജി സംവിധാനത്തിലും ഉപയോഗിക്കാൻ പോകുന്നത് നോൺ– അയണൈസിങ് റേഡിയേഷൻ തന്നെയാണ്. ഉയർന്ന ഡേറ്റാ വേഗത നൽകുന്ന ടവറുകൾക്ക് കവറേജ് കുറവായിരിക്കും. അതിനാൽ ഇപ്പോഴുള്ള ടവറുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചെങ്കിൽ മാത്രമേ 5ജി പൂർണമായി ഉപയോഗപ്പെടുത്താനാകൂ.
∙ സുപ്രധാന മേഖലകളിൽ വൻ മാറ്റങ്ങൾ
ആരോഗ്യമേഖല, വാഹന വിപണി, വിദ്യാഭ്യാസം, വ്യവസായം, ദുരന്തനിവാരണം തുടങ്ങിയ സുപ്രധാന മേഖലകളിലെല്ലാം വലിയ മാറ്റത്തിനു തുടക്കമാകുകയാണ് 5ജിയുടെ വരവോടെ. 2025 ൽ ഡോക്ടർമാരുമായുള്ള 40% കൺസൽറ്റേഷനും ഓൺലൈനായി മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 5ജിയിൽ ലേറ്റൻസി (ഇൻപുട്ടിനോട് ആപ്ലിക്കേഷൻ പ്രതികരിക്കാനെടുക്കുന്ന സമയം) കുറയുമെന്നതിനാൽ ടെലി മെഡിസിൻ, റോബോട്ടിക് ശസ്ത്രക്രിയ എന്നിവയിൽ വലിയൊരു മാറ്റം തന്നെ പ്രതീക്ഷിക്കാം.
കൊളസ്ട്രോൾ, ഷുഗർ, രക്തസമ്മർദ്ദം എന്നിവ സമയാസമയങ്ങളിൽ പരിശോധിച്ച് മനുഷ്യനെ പോലെ ഉചിതമായ രീതിയിൽ പ്രവർത്തിക്കുന്ന സംവിധാനത്തിലേക്കു ലോകം മാറും. കാറുകൾക്ക് ചുറ്റിലും ക്യാമറാ സംവിധാനവും നിയന്ത്രണ ആപ്ലിക്കേഷൻ സംവിധാനവും വരുന്നതോടെ വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാനാകും. കാറുകളെ ട്രാഫിക് മാനേജ്മെന്റ് സംവിധാനവുമായി ബന്ധിപ്പിക്കാൻ കൂടി കഴിഞ്ഞാൽ ഭാവിയിൽ ഡ്രൈവറില്ലാ കാറുകളാകും നിരത്തിൽ നിറയുക.
സാങ്കേതിക വിദ്യ വികസിക്കുന്നതോടെ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറാൻ പോകുന്നത് വ്യവസായ മേഖലയാണ്. റോബോട്ടുകളെ ഉപയോഗിച്ചുള്ള ജോലി വ്യവസായ രംഗത്ത് സമയം, ഉത്പാദനം എന്നിവയിൽ വലിയ മാറ്റങ്ങൾക്കു കാരണാകാം. വിനോദ രംഗവും പുതിയ സാങ്കേതിക വിദ്യയിലൂന്നിയുള്ള മാറ്റങ്ങളിലേക്കു ചുവടുമാറും. ഗെയിമിങ് രംഗത്ത് വിർച്വൽ റിയാലിറ്റി ഗെയിമുകളെത്തും.
ദുരന്ത നിവാരണ രംഗത്ത് നെറ്റ്വർക്ക് തിരക്ക് കുറച്ച് പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ, ദുരന്തനിവാരണ വകുപ്പ് എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ 5ജി സേവനത്തിനാകും. മനുഷ്യന് ചെന്നെത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ഡ്രോൺ, റോബട്ട് ഉപയോഗിച്ചുള്ള നിരിക്ഷണം 5ജി സാധ്യമാക്കും.
∙ അടുത്ത വർഷം 100% ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്
അടുത്ത വർഷത്തോടെ എല്ലാഗ്രാമങ്ങളിലും 100% ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി 55% ടവറുകളിലും ഫൈബർ എത്തിക്കാനും 30 ലക്ഷം കിലോമീറ്റർ ഫൈബർ ഇടാനും ശരാശരി ബ്രോഡ്ബാൻഡ് ലഭ്യത 25 എംബിപിഎസ് ആക്കാനുമുള്ള പ്രയത്നത്തിലാണ് സർക്കാർ. 2024ൽ 70% ടവറുകളിൽ ഫൈബർ എത്തിക്കാനും 50 ലക്ഷത്തോളം കിലോമീറ്ററിൽ ഫൈബറിടാനുമാണ് പദ്ധതി.
വൈഫൈ കവറേജിലൂടെ കുറഞ്ഞ നിരക്കിൽ രാജ്യത്തിന്റെ മുക്കിലും മൂലയിലും ബ്രോഡ്ബാൻഡ് സ്പീഡിൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പിഎം വാണി (WANI – വൈഫൈ ആക്സസ് നെറ്റ്വർക്ക് ഇന്റർഫെയ്സസ്). പഴയകാല എസ്ടിഡി ടെലിഫോൺ ബൂത്തുകൾ പോലെ കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭ്യമാക്കുന്ന പബ്ലിക് ഡേറ്റ ഓഫിസ്. കേരളത്തിലാദ്യമായി പദ്ധതി നടപ്പാക്കുന്നത് എറണാകുളത്താണ്. സൗത്ത് സ്റ്റേഷനു സമീപമാണ് ആദ്യത്തെ വൈഫൈ ഹോട്ട്സ്പോട്ട്. ടെലികമ്യൂണിക്കേഷൻസ് വകുപ്പിന്റെയും സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സിന്റെയും സഹകരണത്തോടെ വേൾഡ് ഷോർ നെറ്റ്വർക്സ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.
∙ ലോകത്ത് ഒന്നാമതും രണ്ടാമതും
സ്മാർട്ഫോൺ വഴിയുള്ള പ്രതിമാസ ഡേറ്റ ഉപയോഗത്തിൽ ലോകരാജ്യങ്ങളിൽ ഒന്നാംസ്ഥാനം ഇന്ത്യയ്ക്കാണ് (ഒരു സ്മാർട്ഫോണിന് ശരാശരി 14.5 ജിബി എന്ന തോതിൽ). ഏറ്റവും കൂടുതൽ ടെലിഫോൺ ഉപഭോക്താക്കളുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനവും. രാജ്യത്ത് 100 പേരിൽ 88 പേർക്കും ടെലിഫോൺ കണക്ഷനുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളിൽ 100 ആളുകൾക്ക് 142 ടെലിഫോൺ കണക്ഷനുള്ളപ്പോൾ ഗ്രാമപ്രദേശങ്ങളിൽ ഇത് 60 ആണ്. ടെലിഫോൺ സാന്ദ്രതയുടെ കാര്യത്തിൽ കേരളത്തിന് (132%) രാജ്യത്ത് മൂന്നാം സ്ഥാനമാണ്.
ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 121 കോടി ടെലിഫോൺ ഉപഭോക്താക്കളുണ്ട്. ഇതിൽ 119 കോടി വയർലെസ് ഉപഭോക്താക്കളാണ്. 2.26 കോടി വയർലൈൻ ഉപഭോക്താക്കൾ. ആകെയുള്ള 81 കോടി ബ്രോഡ്ബാൻഡ് വരിക്കാരിൽ 78 കോടിയും വയർലെസ് ഉപഭോക്താക്കളാണ്.
വിദേശനിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാംസ്ഥാനമാണ് ടെലികോം മേഖലയ്ക്ക്. ആകെയുള്ള വിദേശ നിക്ഷേപത്തിന്റെ 7.1%. 22 ലക്ഷം ആളുകൾ പ്രത്യക്ഷമായും 18 ലക്ഷം ആളുകൾ പരോക്ഷമായും ടെലികോം മേഖലയിൽ ജോലി ചെയ്യുന്നു. രാജ്യത്തിന്റെ ജിഡിപിയിൽ ടെലികോം മേഖലയുടെ പങ്ക് 6.5% ആണ്. അടുത്ത വർഷത്തോടെ ഇത് 8% ആയി വർധിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. കണക്കുകളും വിവരങ്ങളും നോക്കിയാൽ വരാനിരിക്കുന്നത് ഇന്ത്യയിൽ ഡേറ്റ വിപ്ലവത്തിന്റെ പുതുയുഗമാകാം.