എടപ്പാൾ ∙ കനത്ത മഴയിൽ വെള്ളം ഉയർന്നതോടെ ഒട്ടേറെ കുടുംബങ്ങൾ ഭീഷണിയിൽ. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും കോളനികളിൽ കഴിയുന്നവരും ഉൾപ്പെടെയുള്ളവർ ഭീതിയോടെ ആണ് കഴിയുന്നത്. കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെയുള്ളവർ ഇവിടങ്ങളിൽ താമസിക്കുന്നുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള വീടുകളിൽ കഴിയുന്നവർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റാനുള്ള ഒരുക്കത്തിലാണ്
പലതും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വെള്ളക്കെട്ട് ഉയർന്ന് വീടുകൾക്ക് ഉള്ളിൽ വരെ വെള്ളം എത്തുന്ന അവസ്ഥയുണ്ട്. പാടശേഖരങ്ങൾക്ക് സമീപം താമസിക്കുന്നവരും ദുരിതത്തിലായി. വെള്ളം ഉയർന്നതിനാൽ ശുചിമുറി ടാങ്കിലെ മാലിന്യം ഉൾപ്പെടെ കിണറുകളിലേക്ക് ഒഴുകിയെത്തി. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് വഴിവയ്ക്കുന്നുണ്ട്
ശുദ്ധജലം മലിനമായതോടെ മറ്റിടങ്ങളിൽനിന്ന് വെള്ളം എത്തിക്കേണ്ട അവസ്ഥയാണ്. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തുണ്ട്. വീടുകളിൽ കഴിയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മറ്റു സംവിധാനം ഏർപ്പെടുത്താം എന്ന് ഇവർ അറിയിച്ചിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു.
മാണൂരിലെ റോഡ് പൊളിച്ചു നീക്കി
എടപ്പാൾ ∙ വെള്ളക്കെട്ടിന് കാരണമായി വ്യക്തി വയലിനു നടുവിലൂടെ നിർമിച്ച റോഡ് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ അടിയന്തര ഇടപെടലിൽ പൊളിച്ചു മാറ്റി. വട്ടംകുളം പഞ്ചായത്തിലെ മാണൂർ പള്ളിയാലിൽ താഴം ഭാഗത്തെ റോഡാണ് പൊളിച്ച് വെള്ളക്കെട്ട് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഇവിടെ ഒട്ടേറെ വീടുകളിൽ വെള്ളം കയറിയിരുന്നു.
വയലിനു നടുവിലൂടെ 50 മീറ്ററിലേറെ ദൂരത്തിലാണ് ക്വാർട്ടേഴ്സിനു വേണ്ടി വ്യക്തി റോഡ് നിർമിച്ചിരുന്നത്. ഇരു വശങ്ങളിലും കല്ലുകൊണ്ട് മതിൽ കെട്ടി അതിൽ മണ്ണിട്ട് ഉയർത്തിയതിനാൽ വെള്ളത്തിന്റെ ഒഴുക്ക് പൂർണമായും തടസ്സപ്പെടുകയായിരുന്നു. ഇതോടെ നാട്ടുകാർ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായ കലക്ടർ ഇടപെട്ടത്. തഹസിൽദാർ, വില്ലേജ് ഓഫിസർ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ റോഡ് പൊളിച്ചുമാറ്റി വെള്ളക്കെട്ട് ഒഴിവാക്കി.
എടപ്പാളിൽ കൃഷി വെള്ളത്തിൽ മുങ്ങി
എടപ്പാൾ ∙ കനത്ത മഴ തുടരുന്നു. മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. ഗ്രാമീണ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഉയർന്നു. ഇവിടങ്ങളിലെ റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പാടശേഖരങ്ങളിലും വെള്ളം ഉയർന്നതോടെ അടുത്തിടെ നട്ട ഞാറുകളെല്ലാം വെള്ളത്തിനടിയിലായി. പലയിടത്തും കൃഷിനാശം സംഭവിച്ചു. ബണ്ടുകളും തോടുകളും പൊട്ടി വെള്ളം കുത്തിയൊഴുകുന്ന അവസ്ഥയാണ്. നീലിയാട് റോഡിൽ വെളളം ഉയർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. കുമ്പിടിയിൽ മരം വീണ് 3 വൈദ്യുതക്കാലുകൾ തകർന്നു. സമീപത്തെ വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുന്നത്ത് പ്രജിയുടെ വീടിനു മുൻവശത്തെ വൈദ്യുതക്കാലുകളാണ് തകർന്നു വീണത്.
കാനകൾ പൊളിച്ചു നീക്കി;വെള്ളം കടകളിലേക്ക്
∙ എടപ്പാൾ ടൗണിൽ കാന നിർമാണം ഇനിയും ആരംഭിക്കാത്തതിനാൽ ടൗണിലും വെള്ളക്കെട്ട് രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജംക്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഉള്ളിൽ വരെ വെള്ളം ഇരച്ചെത്തി. മേൽപാലം നിർമാണത്തിന്റെ ഭാഗമായി പലയിടത്തും കാനകൾ പൊളിച്ചു നീക്കിയിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ റോഡിന് അടിയിലൂടെ പുതിയ കാന നിർമിച്ച് വെള്ളം ഒഴുക്കി വിടുമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു. എന്നാൽ പാലം നിർമാണം അന്തിമഘട്ടത്തിൽ എത്തിയിട്ടും കാന നിർമാണം തുടങ്ങിയിട്ടില്ല. ശക്തമായ മഴയിൽ വെള്ളം ഒഴുകിയെത്തുന്നത് മൂലം കച്ചവടക്കാരുടെ സാധനങ്ങൾ നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്