തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്‍ഡിആര്‍എഫ് സംഘങ്ങളെ ഇതിനോടകം അയച്ചുകഴിഞ്ഞു. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’-അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. കോട്ടയം കൂട്ടിക്കലില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 10 മരണം സ്ഥിരീകരിച്ചു. ഒഴുക്കില്‍പ്പെട്ട് രണ്ടുപേരും ഇടുക്കി പെരുവന്താനത്ത് ഒരാളും മരിച്ചതായി സ്ഥിരീകരിച്ചു.
കുട്ടിക്കലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. കാവാലി ഒട്ടലാങ്കല്‍ മാര്ട്ടിന്, മക്കളായ,സ്നേഹ, സാന്ദ്ര ,പ്ലാപ്പള്ളിയില്‍ മുണ്ടകശേരി റോഷ്നി, സരസമ്മ മോഹനന്, സോണിയ, മകന് അലന് എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒഴുക്കില്‍പെട്ടാണ് ഓലിക്കല്‍ ഷാലറ്റ്, കുവപ്പള്ളിയില്‍ രാജമ്മ എന്നിവര്‍ മരിച്ചത്. മാര്‍ട്ടിൻ്റെ ഭാര്യ, അമ്മ, മകള്‍ എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. കാണാതായ എല്ലാവരെയും കണ്ടെത്തിയതോടെ കുട്ടിക്കലില്‍ തിരച്ചില്‍ അവസാനിപ്പിച്ചു.
അതേസമയം കൊക്കയാറില്‍ കാണാതായവർക്കായി തിരച്ചില്‍ തുടരുന്നു. കൊക്കയാറിലാണ് തിരച്ചില്‍ ഏറ്റവും ദുഷ്കരമായിട്ടുള്ളത്. ഉരുള്‍പൊട്ടി നേരെ പുഴയിലേയ്ക്ക് കുത്തിയൊലിക്കുകയായിരുന്നു. അപകട സ്ഥലത്ത് അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും, മരങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളുടെ വേഗം കുറച്ചു. രാവിലെ പെയ്ത മഴയും രക്ഷാപ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. റവന്യൂമന്ത്രി കെ.രാജൻ്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തിൻ്റെ പുരോഗതി വിലയിരുത്തി. നെയ്യാറ്റിന്‍കര ചെമ്പരത്തിവിളയില്‍ 50ല്‍അധികം വീടുകള്‍ വെള്ളത്തിനടിയില്‍ ആണ്.