ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നടി ലീന മരിയ പോളിൻ്റെ കസ്റ്റഡി കാലാവധി നീട്ടി. ഡല്‍ഹി കോടതി ഒക്ടോബര്‍ 23വരെയാണ് കാലാവധി നീട്ടിയത്. കുറ്റകൃത്യത്തില്‍ ലീനയ്ക്കു നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണു നടപടി.
കുറ്റകൃത്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിൻ്റെ ഗുണഭോക്താവ് മാത്രമല്ല മുഖ്യപ്രതിയും ഭര്‍ത്താവുമായ സുകേഷ് ചന്ദ്രശേഖറിനൊപ്പം കുറ്റം ചെയ്യുന്നതിലും ലീനയ്ക്കു നിര്‍ണായക പങ്കുണ്ടെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. പണം എവിടെനിന്നു വന്നു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ലഭിക്കാനുണ്ടെന്നും ദിവസങ്ങള്‍ കൂടി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും ഇഡി കോടതിയെ അറിയിച്ചു. കോടതി ഇത് അനുവദിച്ചില്ലെങ്കില്‍ കേസന്വേഷണം തണുത്തുപോകുമെന്നും ഇഡി കോടതിയിൽ പറഞ്ഞു.
കസ്റ്റഡിയിലും ചോദ്യം ചെയ്യലിലും ലീനയ്ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൃത്യമായ അകലം ഉറപ്പാക്കാന്‍ ശ്രദ്ധിക്കും. ലീനയുടെ മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനുണ്ട്. ജോണ്‍ എബ്രഹാം അഭിനയിച്ച മദ്രാസ് കഫെ ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ലീന കുറ്റകൃത്യത്തിൻ്റെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നുവെന്നും ഇഡി ആരോപിച്ചു.