പനജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാനമനസ്കരുമായി സഖ്യമുണ്ടാക്കുമെന്ന് അറിയിച്ച് ബി.ജെ.പി. സഖ്യത്തിനായി ബി.ജെ.പിയ്ക്ക് തുറന്ന മനസാണ് ഉള്ളതെന്ന് സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷെദ് തനവാദെ പറഞ്ഞു.
ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ബി.ജെ.പിയുടെ ഈ നീക്കം. കഴിഞ്ഞ ദിവസം അമിത് ഷാ സംസ്ഥാനത്തെത്തിയിരുന്നു. ഗോവയിലെ പുതിയ പാര്‍ട്ടികളുടെ ഉദയമടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന നേതൃത്വം ഷായോട് വിവരിച്ചിട്ടുണ്ട്. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി ബി.ജെ.പി സഖ്യത്തിലേര്പ്പെട്ടേക്കുമെന്നാണ് വിവരം.
‘ബി.ജെ.പിയുടെ വാതില്‍ സമാനമനസ്കര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി അടക്കം ഗോവയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ഞങ്ങള്‍ സ്വാഗതം ചെയ്യും,’ സദാനന്ദ് പറഞ്ഞു.
നിലവില്‍ സാഹചര്യത്തില്‍ ബി.ജെ.പിയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള കഠിനാധ്വാനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിൻ്റെ നേതൃത്വത്തിലാണ് മമത തന്ത്രം മെനയുന്നത്. നിലവില്‍ പ്രശാന്തിൻ്റെ 200 അംഗ ടീം തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ പ്രചരണത്തിനും പ്രവര്‍ത്തനത്തിനുമായി സംസ്ഥാനത്തുണ്ട്.
ഒട്ടും സ്വാധീനമില്ലാത്ത ഗോവയില്‍ ബി.ജെ.പിയോട് നേരിട്ട് പോരാടാനാണ് മമതയുടെ നീക്കം. ബംഗാളില്‍ കനത്ത തിരിച്ചടിയേറ്റതിനാല്‍ ബി.ജെ.പിയും മമതയുടെ നീക്കത്തില്‍ ജാഗരൂകരാണ്. 40 അംഗ ഗോവ നിയമസഭയില്‍ 2017 ല്‍ കോണ്‍ഗ്രസിന് 17 ഉം ബി.ജെ.പിയ്ക്ക് 13 ഉം സീറ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍ സീറ്റ് കച്ചവടത്തിലൂടെ ബി.ജെ.പി ഇവിടെ അധികാരമുറപ്പിക്കുകയായിരുന്നു.