കപ്പന കണ്ണൻ മേനോനെ കുറിച്ച് പ്രമുഖ എഴുത്തുകാരൻ എം രാജീവ് കുമാർ എഴുതുന്നു
1878, അതേ വർഷം കേരളത്തിൽ ജനിച്ചവരാണ് മന്നത്തു പത്മനാഭനും സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയും മള്ളൂർ ഗോവിന്ദപ്പിള്ളയും കപ്പന കണ്ണൻ മേനോനും. എന്നാൽ ഇതിൽ 92 വയസ്സു വരെ ജീവിച്ച ആളാണ് കപ്പന കണ്ണൻ മേനോൻ. എന്താണ് അദ്ദേഹത്തെ ഇപ്പോൾ ഓർക്കാൻ കാരണം എന്നാണെങ്കിൽ ഒരു നോവൽ അദ്ദേഹം എഴുതിയിട്ടുണ്ട് “സ്നേഹലത “. അതിന് 100 വർഷം തികയുകയാണ്. ഇപ്പോൾ ഒരിടത്തും കിട്ടാനില്ല. ഇറങ്ങിയ കാലത്തെ “ആടുജീവിത”മായിരുന്നു. എല്ലാ നായന്മാരും വാഴ്ത്തി നടന്നു. കപ്പന അന്നൊരു ബന്യാമനായിരുന്നു.
നോവലിലേക്ക് കടക്കുന്നതിനു മുമ്പ് ആരാണ് കപ്പിന കണ്ണൻ മേനോൻ എന്ന് തപ്പേണ്ടതല്ലേ?. തലശ്ശേരിക്കാരനാണ് കപ്പന കണ്ണൻ മേനോൻ. ബ്രണ്ണൻ കോളേജിൽ നിന്ന് മെട്രിക്കുലേഷനും എഫ്.എ.യും പാസ്സായി മദ്രാസ്സ് ക്രിസ്ത്യൻ കോളജിൽ നിന്ന് 1902 ൽ ബി.എ. പാസ്സായി. സഹപാഠി കെ സി ഈപ്പൻ്റെ ക്ഷണം സ്വീകരിച്ച് തിരുവല്ല എം ജി എം ഹൈസ്കൂളിൽ അദ്ധ്യാപകനായി വന്നതാണ്. അധികകാലം അവിടെയും തുടർന്നില്ല.
പിന്നെ മദ്രാസ് ലോ കോളേജിൽ നിന്ന് നിയമ പഠനത്തിനു പോയി മുഖിയാക്കാതെ റവന്യു ബോർഡിലും കസ്റ്റംസിലും ജോലി നോക്കി. അതിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞു് സിലോണിൽ കറങ്ങി നടന്നു. 1907 ൽ മാന്നാർ നായർ സമാജം ഹൈസ്കൂളിൽ അദ്ധ്യാപകനായി തിരിച്ചെത്തി.
അധികം താമസിയാതെ തിരികെ തലശ്ശേരി ബ്രണ്ണൻ കോളേജ് ഹൈസ്കൂൾ അദ്ധ്യാപകനായി.
വീണ്ടും മദ്രാസിൽ പോയി എൽ ടി പരീക്ഷ പാസ്സായി. ചങ്ങനാശ്ശേരി ബർക്ക്സ്മാൻ ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി. പിന്നീട് കെ കേളപ്പനായ കെ കേളപ്പൻ നായർ സഹപ്രവർത്തകനുയിരുന്നു. 1910 ൽ കപ്പന കണ്ണൻ മേനോൻ ഹെഡ് മാസ്റ്ററായി. അക്കാലത്ത് അവിടെ വക്കീലായിരുന്ന മന്നത്ത് പത്മനാഭനുമായി ചങ്ങാത്തത്തിലായി. ചങ്ങനാശ്ശേരി ചങ്ങാത്തം!.
വൈകുന്നേരം അവരൊന്നിച്ചു കൂടും. മരുമക്കത്തായ പരിഷ്ക്കരണമായിരുന്നു അവരുടെ കീറാമുട്ടി. അങ്ങനെ 1914 ഒക്ടോബർ 31 ന് മന്നത്തു പത്മനാഭനും കപ്പന കണ്ണൻ മേനോനും കെ.കേളപ്പൻ നായരും അടങ്ങുന്ന 14 അംഗ നായർക്കമ്പനി മന്നത്ത് ഭവനത്തിൽ കൂട്ടൂകൂടിത്തുടങ്ങിയതാണ് “നായർ ഭൃത്യജനസംഘം ” ഗോഖലയുടെ “സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി ” യുടെ ചുവട് പിടിച്ച്. പേരിട്ടത് കപ്പനയായായിരുന്നു. മന്നത്ത് പത്മനാഭപിള്ള സെക്രട്ടറിയായി പ്രസിഡന്റ് കെ കേളപ്പ നായരെ നിർദ്ദേശിച്ചതു് കപ്പന കണ്ണൻ മേനോനായിരുന്നു.
പിറ്റേക്കൊല്ലം പ്രൊഫസ്സർ കെ പരമുപിള്ള എം എ വന്ന് പേരു മാറ്റി. “നായർ സർവ്വീസ് സൊസൈറ്റി ” എന്നാക്കി. എന്തോന്ന് “ഭൃത്യജന സംഘം!” നായന്മാരെന്നും ഭൃത്യന്മാരായി കിടക്കാനുള്ളവരാണോ! ഇനി സർവ്വീസ് നടത്തട്ടെ. സേവനം. ഇംഗ്ലീഷിലാവുമ്പോൾ ഒരു ഗമയൊക്കെയുണ്ടുതാനും.
പ്രൊഫസ്സർ കെ പരമുപിള്ള എം.എ ആരാ മോൻ.! 47ാം വയസ്സിൽ അന്തരിച്ച തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് എം എക്കാരൻ. സായ്പന്മാർ പോലും ബഹുമാനിക്കുന്ന ഇംഗ്ലീഷ് പ്രൊഫസ്സർ. 35-ാം വയസ്സിൽ പരമുപിള്ളയെ സ്ഥിരം ഇംഗ്ലീഷ് പ്രൊഫസ്സറാക്കിയപ്പോൾ ഇംഗ്ലീഷ്കാർ പോലും മുറുമുറുത്തു. മാത്രമോ ശ്രീമൂലം തിരുനാളിന്റെ കാലത്ത് സർവ്വശക്തനായ ദിവാൻ ശങ്കരൻ തമ്പിയെ വണങ്ങാത്ത ഏക നായർ ഉദ്യോഗസ്ഥനായിരുന്നു പരമുപിള്ള. ആറടി പൊക്കവും ബലിഷ്ട ശരീരവുമുള്ള പരമുപിള്ള, നായർ സമ്മേളനത്തിന് പോയി തിരുവനന്തര ത്തേക്ക് വരുന്ന വഴിവള്ളം മറിഞ്ഞ് കായംകുളം കായലിൽ മുങ്ങിച്ചാവാൻ പോയ സി.കൃഷ്ണപിള്ളയെ വളരെ നേരം വെള്ളത്തിന് മീതെ താങ്ങിപ്പിടിച്ചു നിന്ന് അക്കാലത്ത് ഹീറോ ആയ പാതി സായ്പാണ്.
ങാ ! നമുക്ക് കപ്പന കണ്ണൻ മേനോനിലേക്ക് വരാം. അദ്ദേഹം രചിച്ച “സ്നേഹലത.” ഒരാൾ മാത്രമല്ല ഈ നോവൽ രചനയ്ക്ക് പിന്നിൽ എന്ന് പലരും എഴുതിയിട്ടുണ്ട്. സംഘടിതമായിരുന്നു അതിന്റെ രചന. മന്നത്തു പത്മനാഭനും സി.നാരായണപിളളയും പ്രൊ. പരമുപിള്ളയും …. സകലമാന പ്രാണി നായന്മാരും കൂടി ചർച്ച ചെയ്ത് കപ്പന എഴുതി പുറത്തിറക്കിയ നോവലാണത്. നായർ ഭൃത്യജനസംഘകാലത്തു തന്നെ തുടങ്ങി വെട്ടിത്തിരുത്തി കൂട്ടിച്ചേർത്ത് 1921 ൽ പൂർണ്ണരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയ നോവൽ. “സ്നേഹലത “. നായർ സർവ്വീസ് സൊസൈറ്റിയാണ് പ്രസിദ്ധപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അതിൻ്റെ പകർപ്പവകാശം എഴുത്തുകാരനല്ല. നായർ സർവ്വീസ് സൊസൈറ്റിക്കാണ്.
നായന്മാരുപോലും ആ നോവലിനെ ഓർക്കുന്നുണ്ടാവുമോ? നോവൽ സാഹിത്യ ചരിത്രത്തിൽ ഇങ്ങനെ ഒരു നോവൽ കണ്ടതായിപ്പോലും പ്രൊ.കെ എം തരകൻ പറയുന്നില്ല. തിരുവനന്തപുരം നായർ എൻ കൃഷ്ണ പിള്ളയും കമാന്ന് ഒരക്ഷരം ഇതിനെപ്പറ്റി മിണ്ടിയിട്ടിയിട്ടില്ല. എന്തായിരുന്നു ആദിനായന്മാരെഴുതിയ “സ്നേഹലത “യുടെ ഉള്ളടക്കം എന്ന് നോക്കാം.
തലശ്ശേരി തിരുവങ്ങാട്ടെ ഒരു ബാലികാപാഠശാലയിൽ പഠിച്ചു കൊണ്ടിരിക്കുന്ന മിടുക്കിയായ സ്നേഹലത എന്ന നായർ ബാലികയാണ് നായിക. എടക്കാട്ടുള്ള തന്റെ തറവാട്ടിലെ കാരണവർ നിമിത്തം ചില സങ്കടങ്ങൾ അവൾക്കുണ്ടാകുന്നു. എം.ടി.യുടെ “നാലുകെട്ടി”ലെ കാർണ്ണവരുടെ തന്തയെപ്പോലൊരു കഥാ പാത്രമാണ് അമ്മാവൻ. മരുമക്കത്തായത്തിന്റെ അണ്ണാക്കിൽ കോലിട്ട് കുത്താനായിരുന്നല്ലോ നോവൽ എഴുതുന്നത്.
അങ്ങനെ സ്നേഹലത ബാലികാ പാഠശാലയിൽ കഴിഞ്ഞു വരവേ അവിടുത്തെ അദ്ധ്യാപികയുടെ ശുപാർശ അനുസരിച്ച് തിരുവനന്തപുരം നഗരത്തിൽ മുല്ലശ്ശേരി ഭവനത്തിൽ ഗോവിന്ദപ്പിള്ളയുടെ ആവശ്യപ്രകാരം ആ വീട്ടിലെ “ഹോം നേഴ്സാ ” യിപ്പോകുകയാണ് സ്നേഹലത. ഗോവിന്ദ പ്പിള്ളയ്ക്ക് അത്രപ്രായമൊന്നുമായിട്ടില്ല.
അക്കാലത്ത് പേരിടുന്നത് അങ്ങനെയാണല്ലോ. കോണകം ഉടുത്ത് ഒന്നാം ക്ലാസ്സിൽ പോകുമ്പോഴേ ഗോവിന്ദപ്പിള്ളയും ശങ്കരൻ നായരും ഘടോൽക്കചൻ പിള്ളയും വീരരാഘവൻ നായരുമൊക്കെയായിരിക്കുമല്ലോ ഞറുങ്ങിണികൾ. സ്നേഹലത ഹോം നേഴ്സായി വരുന്നത് മരിച്ചു പോയ ജ്യേഷ്ഠന്റെ പുത്രി ആനന്ദവല്ലിക്ക് തുണയാകുവാനാണ്. ഗോവിന്ദപ്പിള്ള സഞ്ചാര പ്രിയനായിരുന്നു.. അപ്പനപ്പൂപ്പന്മാർ സമ്പാദിച്ചിട്ടിട്ടുണ്ടല്ലോ. ഒറ്റത്തടി. ജോലിക്കൊന്നും പോകാതെ അടിച്ചു പൊളിച്ചു നാടും നാട്ടാരെയും കണ്ടുനടപ്പായിരുന്നു പതിവ്.
സ്നേഹലത വീട്ടിൽ വന്നശേഷം പിള്ള പുറത്തെങ്ങും പോകാതെയായി. കാണാൻ ചേലുള്ള ഒരു പെണ്ണ് വന്ന് കയറിയാൽ അവളുടെ കാര്യം നോക്കണ്ടേ. അവൾക്ക് വേറെ ആരുണ്ട്? ക്രമേണ ഗോവിന്ദപ്പിള്ള ഹൃദയം പറിച്ചവ ൾക്കു കൊടുത്തു കഴിഞ്ഞ പ്പോഴാണ് ആനന്ദവല്ലി മരിക്കുന്നത്. ഇനി സ്നേഹലത അവിടെ നിന്നിട്ട് കാര്യമില്ലല്ലോ. ഹോം നേഴ്സിന് തിരികെ പോകാൻ നേരമായി.. എന്നാൽ ഗോവിന്ദപ്പിള്ളക്ക് സ്നേഹലതയെ കൂടാതെ ഒന്നും കഴിക്കാനും മേലാ. വെള്ളം ഇറങ്ങാതായി. ഹൃദയമങ്ങ് പറിച്ചു സ്നേഹലതക്ക് കൊടുത്തിരിക്കുകയല്ലേ !
ഹൃദയം പങ്കുവയ്ക്കാൻ ഇനി കല്യാണം തന്നെ പോംവഴി. ഗോവിന്ദപ്പിള്ളയുടേയും സ്നേഹ ലതയുടേയും വിവാഹം , നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സമുദായ മന്ദിരത്തിൽ വച്ച് പുതിയ രീതിയിൽ നടത്താൻ തന്നെ തീരുമാനിച്ചു. ഇവിടമാണ് മന്നത്തു പത്മനാഭനാദികൾ ചർച്ച ചെയ്ത് എഴുതിക്കയറ്റിയത്.
അപ്പോഴല്ലേ പുകിൽ. ഇടങ്കോലിടാൻ കഥാപാത്രങ്ങളെത്തി. ഗോവിന്ദപ്പിള്ളയുടെ വിരോധിയായ ഒരുദ്യോഗസ്ഥന്റെ ദുഷ്പ്രേരണയാൽ സ്നേഹ ലതയുടെ കാരണവർ മലബാറിൽ നിന്ന് വണ്ടി കയറി മജിസ്ട്രേട്ടിന്റെയും പോലീസിന്റെയും സഹായത്തോടെ വിവാഹം തടയാനെത്തുന്നു. അന്ന് രാത്രി തന്നെ സ്നേ ഹലത ഗൂഢമായി സ്ഥലം വിടുന്നു. വേഷം മാറി യാചകവൃത്തി നടത്തി ആലപ്പുഴയിലെത്തുന്നു. മരണത്തിൽ നിന്ന് ഒരു കുടുംബം രക്ഷപ്പെടുത്തി അവളെ അവരുടെ കൂടെ താമസിപ്പിക്കുന്നു.
ഹൃദയം പോയ ഗോവിന്ദപ്പിള്ള അക്കാലത്തെ നായകനായന്മാരെപ്പോലെ നാടുവിടുന്നു. എവിടേക്ക്. ബംഗാളിലേക്ക്. കേരളത്തിൽ നിന്ന് അന്ന് ബംഗാളിലേക്കാണ് ഒളിച്ചോട്ടം നടത്താറ്! നായകൻ കൽക്കട്ടയിലെല്ലാം ചുറ്റിത്തിരിയും. നെട്ടുവീർപ്പിടും കരയും സമനില തെറ്റി ഏതെങ്കിലും ഓടയിൽ വീഴും. അല്ലെങ്കിൽ അതുപോലെ വേറെ എന്തെങ്കിലും അപകടം പിണയും. അതിൽ നിന്ന് ആരെങ്കിലും രക്ഷപെടുത്തും. ഇത് ചന്തുമേനോൻ കൊണ്ടുവന്ന മലബാർ നോവൽ ഫോർമുലയാണ്. ഇത് തന്നെ കപ്പനയുടെ സ്നേഹലതയിലും ആവർത്തിക്കുന്നു.
ഒടുവിൽ മുല്ലശ്ശേരിയിൽ വച്ച് നായകനും നായികയും കണ്ടുമുട്ടുന്നു. അവരെ സംബന്ധിച്ച് അപവാദങ്ങളെല്ലാം നീങ്ങി ദമ്പതികളാകുന്നതോടെ ശുഭം എഴുതിക്കാണിക്കുന്നു. ഇക്കഥ സിനിമയായോ എന്നറിയില്ല. എന്നാൽ പിൽക്കാലത്ത് പല സിനിമകളിലും ഗോവിന്ദപ്പിള്ള സ്നേഹലതമാരുണ്ട്! 1921 ൽ പുറത്തുവന്ന ഈ നോവലിന്റെ ചുവടു പിടിച്ച് പിന്നെയും ധാരാളം നോവലുകൾ വന്നിട്ടുണ്ട്. എങ്കിലും നായർ പ്രമാണിമാർ പലർ കൂടി എഴുതി എൻ.എസ്.എസ് പ്രസിദ്ധപ്പെടുത്തിയ നോവലാണിതെന്ന ചരിത്ര പ്രാധാന്യം ഈ കൃതിക്കുണ്ട്.
നായന്മാർക്ക് നല്ല മൈലേജ് കിട്ടുന്ന നോവലാണ് “സ്നേഹലത”. സി വി രാമൻ പിള്ളയ്ക്ക് ശേഷം കൊണ്ടാടാൻ പറ്റിയ എഴുത്തുകാരനാണ് കപ്പന! വീണു കിട്ടിയ ഭാഗ്യമാണ് ഈ നോവൽ. “സ്നേഹലത “ക്ക് 100 വർഷം തികയുന്ന ഈ വൈകിയ വേള എൻ.എസ്സ്.എസ്സിന് ആഘോഷിച്ചു കൂടേ?.
ശതാബ്ദി ഉസ്താദ് ഡോ.കെ.എസ്.രവികുമാർ എവിടെ ?