തിരുവന്തപുരം: അറബിക്കടലിൽ ന്യൂനമര്‍ദ്ദത്തിൻ്റെ സ്വാധീനഫലമായി കേരളത്തില്‍ നാലു ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്കി. ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരള തീരത്ത് ന്യൂനമര്‍ദ്ദത്തിൻ്റെ ശക്തി കുറയുകയാണ്. ഉച്ചവരെ പരക്കെ മഴ ഉണ്ടാകും. എന്നാല്‍ തീവ്രമഴയ്ക്ക് സാധ്യത കുറവാണെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കേരളത്തില്‍ ഇന്ന് മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ മഹാപാത്ര അറിയിച്ചു. കേരളത്തില്‍ മണ്‍സൂണ്‍ പിന്മാറായിട്ടില്ല. അതിനാല്‍ നേരിയ മഴ തുടരുമെന്നും അദ്ദേഹം അറിയിച്ചു.