കണ്ണൂർ: ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തിയത് സ്വർണം പണയപ്പെടുത്തിയതിൻ്റെ പേരിൽ ഭാര്യയുടെ നിരന്തരം അവഹേളനം കാരണമാണെന്ന് അറസ്റ്റിലായ കെ പി ഷിജു. ഒന്നര വയസുകാരി അൻവിതയെയും അമ്മ സോനയെയും ഷിജു പുഴയിൽ തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാർ രക്ഷിച്ചുവെങ്കിലും അൻവിത മരിച്ചു. തുടർന്ന് ഷിജുവിനുവേണ്ടി നടത്തിയ തിരച്ചിലിൽ മട്ടന്നൂരിൽ നിന്നാണ് ഇയാൾ അറസ്റ്റിലാവുന്നത്.
സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നെന്നും ഇതിൻ്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞതായി പോലീസ് പറയുന്നു. ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പോലീസ് പറഞ്ഞു. സ്വർണം പണയത്തിലായിരുന്ന കാര്യം സോനയും പോലീസിനോട് പറഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് പാത്തിപ്പാലം പുഴയിലേക്ക് ഭാര്യയേയും ഒന്നര വയസുകാരി മകളെയും ഷിജു തള്ളിയിട്ടത്. വള്ള്യായിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്നതിനിടെയായിരുന്നു സംഭവം. പുഴ കാണിക്കാമെന്നു പറഞ്ഞ് പുഴക്കരയിൽ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോൾ തന്നെയും മകളെയും ഭർത്താവ് തള്ളി പുഴയിലിട്ടുവെന്നാണു ഭാര്യയുടെ മൊഴി. ആദ്യം അപകടമെന്ന കരുതിയെങ്കിലും അമ്മയുടെ മൊഴി വന്നതോടെ കൊലപാതകമാണെന്ന് വ്യക്തമായി.