ചാലക്കുടി: വെറും രണ്ട് മണിക്കൂറിൽ ചാലക്കുടിയിൽ പെയ്ത മഴ 130 മില്ലിമീറ്ററിലേറെ. ലഘു മേഘ സ്ഫോടനങ്ങളാണ് പെരുമഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ഇന്നലെ രാവിലെ ഒൻപതര മുതൽ പതിനൊന്നര വരെയാണ് 130 മില്ലിമീറ്റർ മഴ പെയ്തത്.
കൂടപ്പുഴയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ 180 മില്ലീമീറ്റർ മഴ പെയ്തു. 10,000 ഏക്കറിൽ നെൽക്കൃഷി നശിച്ചുവെന്നാണു പ്രാഥമിക കണക്കുകൂട്ടൽ.
അതിനിടെ പെരിങ്ങൽകുത്ത് ഡാമിലെ സ്ലൂസ് വീണ്ടും തുറന്നു. ഇതോടെ സെക്കന്റിൽ രണ്ട് ലക്ഷം ലീറ്ററിലേറെ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകിയെത്തി. പറമ്പിക്കുളം ഡാമിലെ വെള്ളം ഉയർന്നതോടെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി സ്ലൂസ് തുറന്നത്.