ഇടുക്കി: കനത്തമഴയിൽ ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും കൂട്ടിക്കലിലും കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരും. കൂട്ടിക്കലിൽ ഏഴു പേരെയും കൊക്കയാറിൽ എട്ട് പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നു രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.
കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചിൽ നടത്താനുള്ളത്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പോലീസ് സംഘങ്ങൾ ഉണ്ടാകും. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതുമാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്.
കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ആറു പേർ മരിച്ചിരുന്നു. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടത്താണ് ഉരുൾപൊട്ടിയത്. കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ച് വീടുകൾ മാത്രമുള്ള പ്രദേശത്താണ് വൻ ദുരന്തമുണ്ടായിരിക്കുന്നത്.

















