ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന നേതാക്കളുടെ ആവശ്യത്തോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. അധ്യക്ഷനാകുന്നത് പരിഗണിക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ശനിയാഴ്ചത്തെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെന്നു നേതാക്കള്‍ വ്യക്തമാക്കി. അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘പരിഗണിക്കാം’ എന്ന മറുപടിയാണ് രാഹുല്‍ നല്‍കിയതെന്ന് നേതാക്കള്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, ചരണ്‍ജിത് സിംഗ്, എകെ ആന്റണി എന്നിവരാണ് രാഹുലിനോട് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെയും പരിഗണിക്കരുതെന്നും പദവിയിലേക്ക് താനില്ലെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.
രാഹുല്‍ അദ്ധ്യക്ഷനാകണമെന്ന് എല്ലാവരും ഏകകണ്ഠേന നിര്‍ദ്ദേശിച്ചു. അദ്ദേഹം അദ്ധ്യക്ഷനാകണമെന്ന് നാമെല്ലാം ആഗ്രഹിക്കുന്നു, പക്ഷേ അത് രാഹുലിന് വിട്ടുകൊടുക്കുന്നതായും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതേസമയം ആന്റണി ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും രാഹുലിനോട് അദ്ധ്യക്ഷനാകാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി കോണ്‍ഗ്രസ് നേതാവ് താരിഖ് ഹമീദ് കരാ വ്യക്തമാക്കി. എല്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും ഏകകണ്ഠമായി രാഹുലിനെ അദ്ധ്യക്ഷനാകാന്‍ ആഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് അംബിക സോണിയും പറഞ്ഞു.
2022 ഓഗസ്റ്റിനും സെപ്തംബര്‍ 20നും ഇടയിലാകും പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ലഖിംപൂര്‍ ഖേരി സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട്, കര്‍ഷക പ്രസ്ഥാനത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ ചിന്തയാണ് ഇത് കാണിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ലഖിംപൂര്‍ ഖേരിയിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ബി.ജെ.പിയുടെ മനോഭാവം പ്രതിഫലിപ്പിക്കുന്നു. അവര്‍ കര്‍ഷക സമരത്തെ എങ്ങനെ കാണുന്നു, കര്‍ഷകര്‍ അവരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ നടത്തുന്ന നിരന്തരമായ പോരാട്ടത്തെ കൈകാര്യം ചെയ്യുന്നു എന്നും സോണിയ പറഞ്ഞു.