കൂത്തുപറമ്പ്: കണ്ണൂർ മൊകേരി പാത്തിപ്പാലത്ത് ദുരൂഹ സാഹചര്യത്തിൽ പുഴയിൽ വീണ് ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പാട്യം പത്തായക്കുന്ന് കുപ്പിയാട്ടിൽ കെ.പി.ഷിജുവിനെയാണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വെളളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. പാത്തിപ്പാലം വള്ളിയായി റോഡിൽ വാട്ടർ ടാങ്കിനു സമീപത്തെ കോൺക്രീറ്റ് പാലത്തിന് മുകളിൽനിന്ന് ഭാര്യ സോന, ഏകമകൾ അൻവിത എന്നിവരെ ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.
സോനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സംഭവസ്ഥലത്തുനിന്ന് പത്തു മീറ്റർ അകലെ വച്ച് സോനയെ രക്ഷപെടുത്തി. മകൾകൂടി പുഴയിലകപ്പെട്ടിട്ടുണ്ടെന്ന് സോന പറഞ്ഞതോടെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തെരച്ചിലിലാണ് അര കിലോമീറ്റർ അകലെനിന്ന് അൻവിതയുടെ മൃതദേഹം കണ്ടെത്തിയത്.
പിന്നീട് ഷിജു ഒളിവില്‍ പൊയി. ശനിയാഴ്ച ഉച്ചയോടെ മട്ടന്നൂരിലെ മഹാദേവ ക്ഷേത്രക്കുളത്തിൽ ആത്മഹത്യാശ്രമത്തിനിടെ ഇയാളെ നാട്ടുകാർ പിടികൂടി മട്ടന്നൂർ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.