തിരുവനനന്തപുരം: ഉരുൾ പൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലെ ദുരിതാശ്വാസ- ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല റവന്യൂ മന്ത്രി കെ രാജനു നൽകി.
കോട്ടയത്തെത്തിയ മന്ത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നിർദേശം നൽകി. അടുത്ത രണ്ടു ദിവസം റവന്യു മന്ത്രി കോട്ടയം കേന്ദ്രീകരിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിലവിൽ അപകട സ്ഥലത്തേക്ക് എത്താൻ റോഡ് ഗതാഗതമില്ല.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലുമാണ് ഉരുള്‍പൊട്ടിയത്. കൊക്കയാറില്‍ ഒരു കുടുംബത്തിലെ ആറുപേരെ കാണാതായെന്നാണ് പുറത്തുവന്ന വിവരം. കൂട്ടിക്കലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.
കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തി. മേജ അബിൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കോട്ടയം ഏന്തയാർ ഇളംകാട് ടോപ്പിൽ മലവെള്ളപ്പാച്ചിലുണ്ട്. ഇവിടെ 12 പേർ ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ഒരാളെ കാണാതായിട്ടുണ്ട്.
എയർഫോഴ്സ് എത്താൻ വൈകുന്നതിനാൽ ലിഫ്റ്റിംഗിനായി നാവികസേനയുടെ കൂടി സഹായം തേടിയതായി കോട്ടയം കളക്ടർ അറിയിച്ചു. മലയോര മേഖലകളിൽ ദുരന്ത നിവാരണം, രക്ഷാപ്രവർത്തനം, മെഡിക്കൽ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്ക് ഏർപ്പെടുത്തി. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ തൃശൂർ താലൂക്കിലെ പുത്തൂർ, മാടക്കത്തറ പഞ്ചായത്തുകളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം നൽകി.