ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഒരു പ്രദേശവാസി കൊലപ്പെട്ടു. ഇഡ്ഗയിൽ വഴിയോര കച്ചവടക്കാരനായ ബിഹാർ സ്വദേശി അരവിന്ദ് കുമാറിനെയാണ് ഭീകരർ കൊലപ്പെടുത്തിയത്.
പുൽവാമയിലും ഒരാൾക്ക് നേരെ ഭീകരാക്രമണമുണ്ടായി. ആക്രമണത്തില്‍ യുപി സ്വദേശിയായ സാഗിർ അഹമ്മദിന് ഗുരുതര പരിക്കേറ്റു. ഭീകരർക്കായി തെരച്ചിൽ നടത്തുന്നതായി കശ്മീർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് അധ്യാപകരെ ഭീകരർ കൊലപ്പെടുത്തിയതും ഇഡ്ഗയിലായിരുന്നു.
അതിനിടെ, ലഷ്കർ തലവൻ ഉമർ മുഷ്താഖ് ഖാൻഡെയടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാംപൊരയില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഉമറിനെ സൈന്യം വധിച്ചത്. ശ്രീനഗറിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തിലടക്കം ഉമറിന് പങ്കുണ്ടായിരുന്നു. സൈന്യത്തിന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്ന 10 പ്രധാന ഭീകരരുടെ പട്ടികയിലും ഉമർ മുഷ്താഖ് ഖാൻഡെ ഉൾപ്പെട്ടിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.