കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തി.മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. 13 പേരെ കാണാതായി എന്നാണ് പ്രാഥമിക വിവരം. ഉരുൾപൊട്ടല്ലിൽ 3 വീടുകൾ ഒലിച്ചുപോയി.
പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാൽ, കൂട്ടിക്കലിൽ ഉണ്ടായത് ശക്തമായ ഉരുൾപൊട്ടലാണ്. വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും ചെയ്തു.
അതേസമയം കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് ബസ് മുങ്ങിയത്. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അതേസമയം തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
സ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തിൽ വിശദമായ മുന്നൊരുക്കം നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.