നിലമ്പൂർ ∙ വിവാഹ തടസ്സം മാറ്റിനൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 1.10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വ്യാജ പൂജാരി അറസ്റ്റിൽ. വയനാട് ലക്കിടി അറമല കുപ്ലിക്കാട്ടിൽ രമേശിനെ (സണ്ണി -36) ആണ് ഇൻസ്പെക്ടർ ടി.എസ്.ബിനു അറസ്റ്റ് ചെയ്തത്. രമേശൻ നമ്പൂതിരി, രമേശ് സ്വാമി എന്നീ പേരുകളിൽ പ്രതി അറിയപ്പെടുന്നു. വണ്ടൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
ജാതകത്തിലെ ചൊവ്വാദോഷം മാറ്റിനൽകാമെന്ന് പറഞ്ഞു പല തവണയായി പണം വാങ്ങിയെന്നാണ് മൊഴി. വിവാഹം നടക്കാതെ വന്നപ്പോൾ 10 മാസം മുൻപ് പരാതി നൽകി. പുനലൂരിൽ ഹോട്ടലിലെ ചീഫ് ഷെഫ് ആയി ഒളിവിൽ കഴിയവേ വാടക ക്വാർട്ടേഴ്സിൽ വച്ചാണ് പിടികൂടിയത്. സമാന രീതിയിൽ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വയനാട് മണിയങ്കോട് പുരയിടത്തിലെ നിധി എടുത്തു കൊടുക്കാമെന്ന് പറഞ്ഞു വീട്ടമ്മയുടെ 5 പവന്റെ സ്വർണാഭരണം തട്ടിയെടുത്തെന്ന പരാതിയിൽ അന്വേഷണം തുടങ്ങി.
നിധിയെടുക്കാനെന്ന പേരിൽ ആഴത്തിൽ കുഴിയെടുത്ത് വീടും പരിസരവും ഉപയോഗരഹിതമാക്കിയതായി കണ്ടെത്തി. സമാനരീതിയിൽ മീനങ്ങാടിയിൽ നിന്ന് 8 പവന്റെ സ്വർണാഭരണം കൈക്കലാക്കിയെന്ന കേസിലും അന്വേഷണം നടക്കുന്നു. എസ്ഐ എം.അസൈനാർ, എസ് സിപിഒമാരായ മുഹമ്മദാലി, സഞ്ജു, സിപിഒമാരായ അഭിലാഷ് കൈപ്പിനി, ആസി അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എം.കൃഷ്ണദാസ് എന്നിവരും ചേർന്നാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.