വടകര ∙ കനാലിൽ നീന്തൽ പഠിക്കുന്നതിനിടയിൽ അപകടത്തിൽപെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവു മുങ്ങി മരിച്ചു. വില്യാപ്പള്ളി അരയാക്കൂൽതാഴ തട്ടാറത്ത് താഴക്കുനി സഹീർ (40) ആണ് മരിച്ചത്. വടകര–മാഹി കനാലിൽ ചേരിപ്പൊയിൽ കായക്കൂൽ ഭാഗത്ത് വ്യാഴാഴ്ച വൈകിട്ടു നാലോടെയാണു സംഭവം. അയൽവാസികളായ 3 കുട്ടികൾ കനാലിൽ മുങ്ങിത്താഴുന്നതു കണ്ട് എടുത്തുചാടി രക്ഷിച്ച സഹീർ മുങ്ങിപ്പോവുകയായിരുന്നു. മകളുടെ നിക്കാഹിന് അജ്മാനിൽനിന്ന് അവധിക്കു നാട്ടിൽ എത്തിയതാണ്.
വടകരയിൽ നിന്നും പേരാമ്പ്രയിൽ നിന്നുമുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ഒന്നര മണിക്കൂർ തിരച്ചിൽ നടത്തിയാണു മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുൻപ് ഇതേ കനാലിൽ ഒരാൾ മുങ്ങിയപ്പോൾ മൃതദേഹം പുറത്തെടുത്തതു സഹീർ ആയിരുന്നു. പരേതനായ ആശാരിപ്പറമ്പത്ത് അബ്ദുല്ലയുടെയും ആയിശയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: അമീർ സുഹൈൽ, മുഹമ്മദ് യാസീൻ, ലുലു മർവ. മരുമകൻ: സഫീർ (നരിക്കൂട്ടുംചാൽ).
നാടിനു നൊമ്പരമായി സഹീർ
വടകര ∙ ആഴവും വീതിയും കൂട്ടിയ വടകര–മാഹി കനാലിൽ അപകടം പതിയിരിക്കുന്നത് സഹീർ അറിഞ്ഞില്ല. ഒരു വർഷം മുൻപ് ഇതേ കനാലിൽ മരിച്ച ആളുടെ മൃതദേഹം മുങ്ങിയെടുത്ത പരിചയവും ആ യുവാവിന് തുണയായില്ല. നീന്തൽ പഠിക്കുന്നതിനിടയിൽ കനാലിന്റെ ആഴങ്ങളിലേക്ക് ആണ്ടു പോകുമായിരുന്ന 3 കുട്ടികളെ രക്ഷിക്കാനാണ് വില്യാപ്പള്ളി അരയാക്കൂൽ താഴ തട്ടാറത്ത്താഴക്കുനി സഹീർ കനാലിലേക്ക് എടുത്തു ചാടിയത്.
ചേരിപ്പൊയിൽ കായക്കൂൽ ഭാഗത്തെ കനാലിൽ നിന്നു കുട്ടികളെ രക്ഷിച്ച ശേഷം കരയിലേക്ക് നീന്തുന്നതിനിടയിൽ സഹീർ മുങ്ങിത്താഴുകയായിരുന്നു. അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂർ നീണ്ട തിരച്ചിലിലാണ് കനാലിന്റെ മധ്യഭാഗത്തു നിന്ന് മൃതദേഹം കിട്ടിയത്. വടകര, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നു അഗ്നി രക്ഷാസേനയെത്തി. സ്റ്റേഷൻ ഓഫിസർമാരായ കെ.അരുൺ, കെ.വാസിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. പൊലീസും സ്ഥലത്തെത്തി.
വിവരമറിഞ്ഞ് വൻ ജനകൂട്ടം കനാൽ കരയിൽ തടിച്ചു കൂടി. ആഴങ്ങളിലേക്ക് ആണ്ടു പോകുകയായിരുന്ന മൂന്നു ജീവനുകൾ രക്ഷിച്ച യുവാവിന്റെ വേർപാട് നാടിന് തീരാവേദനയായി. അപകടം പതിയിരിക്കുന്ന കനാൽ തീരത്ത് അപകട സാധ്യത മുന്നറിയിപ്പ് സ്ഥാപിക്കണമെന്നാണ് ആവശ്യം. മകളുടെ നിക്കാഹിന് അജ്മാനിൽ നിന്ന് നാല് മാസം മുൻപാണ് സഹീർ നാട്ടിലെത്തിയത്. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു സഹീർ. നാട്ടിലെ വിവാഹ വീടുകളിലും മരണ വീടുകളിലും സഹായവുമായി എത്താറുള്ളതായി നാട്ടുകാർ പറഞ്ഞു.