മലയാളത്തിലെ ഏതു പത്രാധിപരെ വധിക്കാൻ തോക്കുമായി ഒരു പോലീസുകാരൻ നടന്നിട്ടുണ്ട്. ഇപ്പോഴത്തെ ചാനൽ ചർച്ചകൾ കാണുമ്പോൾ തോന്നും പണ്ട് ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ്റെ കാലത്തെ പോലീസിനെ. ഇട്ടിരാരപ്പൻ നായർ എന്ന സബ് ഇൻസ്പക്ടറേയും.
കോഴിക്കോട്ട് ആദ്യം തുടങ്ങുന്ന പത്രമാണ് “കേരള പത്രിക ” അതിൻ്റെ പത്രാധിപർ ചെങ്കുളത്തു കുഞ്ഞിരാമമേനോൻ്റെ കാര്യമാണ് പറഞ്ഞു വരുന്നത്. എല്ലാവരും സ്നേഹിക്കുകയും പേടിക്കുകയും ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അതിലെന്തോ കാര്യമുണ്ട്. ചെങ്കുളത്തു കുഞ്ഞിരാമമേനോൻ ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മലബാറിലെ “ചേട്ടനാണ് “. അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ “വൃത്താന്തപത്രപ്രവർത്തന “ത്തിൻ്റെ അവതാരിക ചെങ്കുളത്തു കുഞ്ഞിരാമമേനോനെക്കൊണ്ട് എഴുതിക്കുമോ!
1857 ലാണ് ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ ജനിക്കുന്നത്. കോഴിക്കോട് ഗവ.കോളേജിൽ നിന്ന് എഫ്.എ. പാസ്സായി ബാസൽ മിഷൻ സ്കൂളിൽ അദ്ധ്യാപകനായ ശേഷം നേരെ തിരുവനന്തപുരത്തുവന്ന് യൂണിവേഴ്സിറ്റി കോളേജിൽ ബിഎക്കു ചേർന്നു. പിന്നെ മദ്രാസിൽ പ്രസിഡൻസി കോളേജിൽ പഠിച്ചാണ് ബി.എ. പൂർത്തിയാക്കിയത്. 1884 ൽ ബിരുദക്കാരനായി.
ഗവൺമെന്റ് ജോലിക്കൊന്നും പോകാതെ നേരെ പോയി ഒരു പത്രം തുടങ്ങി “കേരള പത്രിക” 1884 ഒക്ടോബർ 19ാം തീയതി. മലബാറിൽ നിന്ന് തുടങ്ങുന്ന ആദ്യത്തെ മലയാള പത്രം. മലയാളത്തിൻ്റെ ആദ്യ മലയാള കഥാകൃത്ത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെപ്പിടിച്ച് പത്രാധിപരുമാക്കി. ” കേസരി” എന്ന തൂലികാനാമത്തിൽ അദ്ദേഹം അങ്ങ് എഴുത്തും തുടങ്ങി.
സർക്കാർ ഉദ്യോഗസ്ഥന്മാർക്കിടയിലെകൈക്കൂലി, അഴിമതി, സ്വജനപക്ഷപാതം എന്നിവ തുറന്നു കാട്ടി “കേരള പത്രിക ” സാധാരണക്കാരൻ്റെ കൈയ്യടി വാങ്ങി മുന്നേറുമ്പോഴുണ്ട് 1891 ൽ ഒരു ദിവസം കാലത്ത് പോലീസ് സബ് ഇൻസ്പക്ടർ ഇട്ടി രാരപ്പൻ നായർ, ചെങ്കുളത്തു കുഞ്ഞിരാമമേനോൻ്റെ വീടന്വേഷിച്ചു വന്നു. എന്നിട്ടോ? ഉദ്വേഗ ജനകമായ ആ വരവിൻ്റെ പൊരുൾ ചാനൽപ്പുലികളും ഒന്ന് വായിക്കുന്നത് നല്ലതാണ്. പരിണാമഗുപ്തി ഒടുവിൽ പറയാം.
പൊതു ജനങ്ങളെ ദ്രോഹിക്കുന്നവർ എത്ര പ്രമാണിമാരായാലും അവരെ വെള്ളം കുടിപ്പിക്കുമായിരുന്നു, കേരള പത്രിക. മലബാറിലെ എല്ലാ കുടുംബങ്ങളെയും അറിയുന്ന പത്രാധിപർ എന്നൊക്കെപ്പറഞ്ഞാൽ അത്ഭുതം തോന്നുന്നില്ലേ?
ഗവണ്മന്റിനെതിരെ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയതിന് മാപ്പു ചോദിക്കണമെന്ന് കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ കുഞ്ഞിരാമമേനോനോട് ആവശ്യപ്പെട്ടപ്പോൾ പോയി പണി നോക്കാൻ പറഞ്ഞ ആളാണ് പത്രാധിപർ.
അതിന് അന്നത്തെ കാലത്ത് 51രൂപ പിഴയൊടുക്കി. പത്ര സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിച്ച ആളാണ് ചെങ്കുളം. ഉദ്യോഗസ്ഥൻമാർക്കെതിരെ മാത്രമല്ല. സാഹിത്യകാരന്മാർക്കെതിരെയും മഷി നിറച്ചെഴുതി. കേരള വർമ്മ വലിയകോയിത്തമ്പുരാൻ്റെ “അമരുകശതക “ത്തെ കൊന്ന് കൊലവിളിച്ചത് മാത്രമോ മയൂരസന്ദേശത്തെയും വിട്ടില്ല.
കേരള വർമ്മയ്ക്ക് ഹാലിളകി. തിരുവിതാംകൂറിലായിരുന്നെങ്കിൽ പിടിച്ചകത്തിടാമായിരുന്നു. ഇതിപ്പോ കോഴിക്കോട്ടായിപ്പോയില്ലേ?. കേരള പത്രികയുടെ തിരുവിതാംകൂർ സർക്കാർ വരുത്തിയ കോപ്പികളെല്ലാം അങ്ങ് റദ്ദ് ചെയ്തു. കോപ്പി നിർത്തിയാൽ ആപ്പീസ്പൂട്ടുമെന്ന് കരുതിയോ?. തിരുവിതാംകൂറിലെ സാഹിത്യകാരന്മാരെപ്പറ്റി മാത്രമല്ല, മലബാറിലെ സാഹിത്യകാരന്മാർക്കുമിട്ടു താങ്ങി ചെങ്കുളത്തു കുഞ്ഞിരാമമേനോന്റെ പത്രം.
ചന്തുമേനോൻ്റെ ഇന്ദുലേഖയെ കീറി ഒട്ടിച്ച ഒരു ലേഖനം അക്കാലത്ത് മദ്രാസിലെ ഒരു മെഡിക്കൽ വിദ്യാർഥി ടി.എം. നായർ “പത്രിക “യിൽ എഴുതുകയുണ്ടായി.1895 ൽ ലണ്ടനിൽ വച്ചു നടന്ന പത്രപ്രവർത്തകരുടെ ആഗോള സമ്മേളനത്തിൽ മലയാളത്തിൽ നിന്ന് പോയ ഏക പത്രാധിപരാണ് ചെങ്കുളം. മദ്രാസിലെ “ഹിന്ദു “വിന്റെയും കൽക്കത്തയിലെ ” അമൃത ബസാറി “ന്റെയും പത്രാധിപന്മാരെ മാത്രമാണ് ഇന്ത്യയിൽ നിന്ന് ക്ഷണിച്ചത്.
1895 ൽ എം.ആർ നായർ കേരള പത്രികയുടെ പത്രാധിപരായിരുന്ന കാലത്ത് അവസാന പുറത്ത് “സഞ്ജയൻ” എന്ന കള്ളപ്പേരിലെഴുതിയ ലേഖനങ്ങൾ പലരുടേയും ഉറക്കം കെടുത്തി. പിൽക്കാലത്ത് ആ കുറിപ്പുകൾ പ്രസിദ്ധമാവുകയും ചെയ്തു.
എല്ലാ പ്രസിദ്ധീകരണങ്ങൾക്കും സംഭവിക്കാറുളള ദുര്യോഗം ചെങ്കുളത്തിൻ്റെ പത്രത്തിനുമുണ്ടായി. കടം കയറി. പ്രസിദ്ധീകരണം നിലച്ചു. 1935 ൽ പത്രാധിപർ അന്തരിച്ചു.
എങ്കിലെന്ത് കേരള ചരിത്രത്തിൽ ന്യായത്തിനും നീതിക്കും വേണ്ടി നിന്ന പത്രം. അഴിമതി വീരന്മാരുടെ ആസനത്തിൽ ആപ്പടിച്ചു കയറ്റി പൊതുജനസമക്ഷം കൊണ്ടുവന്ന് ആക്ഷേപത്തിൻ്റെ കാടിവെള്ളം തലയിൽ കൂടി ഒഴിക്കാറുള്ള പത്രം. അതിൻ്റെ ഫലമോ, തുടക്കത്തിൽ പറഞ്ഞ കഥയുടെ ബാക്കി പറയാം.
അങ്ങനെ സബ് ഇൻസ്പക്ടർ ഇട്ടിരാരപ്പൻ നായർ ചാലപ്പുറത്തെ പത്രാധിപർ ചെങ്കുളത്തു കുഞ്ഞിരാമമേനോൻ്റെ വീടന്വേഷിച്ചു ഒരു കൊച്ചു വെളുപ്പാൻ കാലത്ത് വരിക തന്നെ ചെയ്തു. പൂമുഖത്തു നിന്ന മരുമകൾ പെൺകുട്ടിയോട് അമ്മാവൻ എവിടെയാണെന്നു ചോദിച്ചപ്പോൾ അദ്ദേഹം വെളിയിൽ പോയിരിക്കുകയാണെന്ന് മറുപടി പറഞ്ഞു.. മേനോൻ അപ്പോൾ കക്കൂസിൽ പോയിരിക്കുകയായിരുന്നു.
ഉടനെ എസ്.ഐ. ഇട്ടിരാരപ്പൻ നായർ അടുത്ത വീട്ടിൽ താമസിച്ചിരുന്ന കോഴിക്കോട് ഗവണ്മന്റ് പ്ലീഡർ അനന്തനാരായണൻ പട്ടരുടെ വീട്ടിൽ ചെന്ന് കൂടെക്കരുതിയ കൈത്തോക്കെടുത്ത് ഒറ്റ വെടി. പ്ലീഡറെ വെടിവച്ചു കൊന്നു! കൊക്കിന് വച്ചത് ചക്കിനുകൊണ്ടതല്ല!. ആ ഉണ്ട ചെങ്കുളത്തു കുഞ്ഞിരാമമേനോന് നേരെ പ്രയോഗിക്കാൻ കൊണ്ടുവന്നതായിരുന്നു.
സഹികെട്ട് അങ്ങ് പ്രയോഗിച്ചതാണ്.
ഒരു ക്രിമിനൽ കേസിൽ തെളിവ് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി പത്രാധിപർ പുറത്തു കൊണ്ടുവന്നതിൻ്റെ പക തീർക്കാൻ കൊച്ചു വെളുപ്പാൻ കാലത്തേ തോക്കുമായി ചാലപ്പുറത്തുവന്നതാണ് ആ എസ്.ഐ. ഇട്ടിരാരപ്പൻ നായർ!. ഗവണ്മന്റ് വക്കീലിനെ വധിക്കത്തക്കവിധത്തിൽ ആ സർക്കാർ എസ്.ഐ.യുടെ ക്രോധം ഒന്നാലോചിച്ചു നോക്കുക. കൊലക്കുറ്റത്തിന് ഘാതകന് മരണ ശിക്ഷ വിധിച്ചതായിട്ടാണ് അറിവ്!.
ഇനിയും ഇത്തരം ഇട്ടിരാരപ്പ നായന്മാർ പോലീസ് ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിക്കൂടായ്കയില്ല. എട്ടുമണിച്ചർച്ചകളിൽ ബസ്ക്കിയെടുക്കുന്ന “ആങ്കർ” മാർ ഒരു കണ്ണ് അവർക്കു നേരെയും നീട്ടുന്നത് നല്ലത്. അയൽപക്കത്ത് താമസിക്കുന്നവരും പെട്ടന്ന് ഒഴിഞ്ഞു പൊയ്ക്കൊള്ളുക. കക്കൂസിൽ പോകുമ്പോൾ ലവന്മാർ വീട്ടുവാതിൽക്കലെത്തും. സൂക്ഷിക്കുക.