കൊരട്ടി ∙ നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ഒട്ടേറെ പേരിൽ നിന്നു കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. കോയമ്പത്തൂർ സ്വദേശി ഗൗതം രമേഷിനെ (32) ആണു എസ്എച്ച്ഒ ബി.കെ.അരുണും സംഘവും അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യൂണിവേഴ്സൽ ട്രേഡിങ് സൊലൂഷൻ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.
ഇരട്ടിപ്പിച്ചു തരാമെന്ന് വിശ്വസിപ്പിച്ചു മുരിങ്ങൂർ സ്വദേശിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. സമാനമായ രീതിയിൽ പണം തട്ടിയതിനു ഗൗതമിനെതിരെ വിവിധ ജില്ലകളിൽ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായ ഇയാൾ സേലം സെൻട്രൽ ജയിലിലായിരുന്നു.
തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന പണം വിനിയോഗിച്ച് ബെനാമി പേരിൽ കർണാടക, സേലം എന്നിവിടങ്ങളിൽ ഇയാൾ കൃഷിയിടങ്ങൾ വാങ്ങുകയും വിദേശരാജ്യങ്ങളിലെ സുഖവാസ കേന്ദ്രങ്ങളിൽ താമസിക്കുകയും ചെയ്തുവെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു.എസ്‌ഐമാരായ ഷാജു എടത്താടൻ, സി.കെ.സുരേഷ്, സീനിയർ സിപിഒമാരായ പി.ടി. ഡേവിസ്, കെ.എം. നിതീഷ്, എം.എം. ജിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.