വൈപ്പിൻ∙ വീട്ടമ്മയുടെ സ്വർണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പിൽ സുജിത്ത് കുമാർ(35), ഭാര്യ വിദ്യ (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടിനു രാവിലെ പള്ളിയിൽ പോകുകയായിരുന്ന നായരമ്പലം സ്വദേശിനിയുടെ രണ്ടരപ്പവന്റെ സ്വർണമാലയാണ് നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപത്തു വച്ച് ഇവർ തട്ടിയെടുത്തത്. ഭർത്താവ് സ്കൂട്ടർ ഓടിക്കുകയും പിന്നിലിരിക്കുന്ന ഭാര്യ മാല പൊട്ടിച്ചെടുക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ദമ്പതികളായതിനാൽ സംശയം തോന്നാത്ത തരത്തിൽ ഇരകളെ സമീപിക്കാനും മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാനും ഇവർക്കു കഴിഞ്ഞിരുന്നു. നെടുങ്ങാട് നടന്ന മാല പൊട്ടിക്കലിനു ശേഷം എടവനക്കാട് ഭാഗത്തേക്ക് കടന്ന ഇവരെ സമീപവാസികൾ പിന്തുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സിസിടിവി ക്യാമറകളിൽ വാഹനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും വ്യക്തമായിരുന്നില്ല. മാത്രമല്ല, വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് ഇവർ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നത്.
മറ്റിടങ്ങളിൽ നടത്തിയ മോഷണശ്രമങ്ങളും പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സാമ്പത്തികബാധ്യത തീർക്കാനായിരുന്നുവത്രെ മോഷണത്തിനിറങ്ങിയത്. അടുത്ത മാല മോഷണത്തിന് തയാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു പ്രതികളെ പിടികൂടിയത്.
മുനമ്പം ഡിവൈഎസ്പി ആർ.ബൈജുകുമാർ, ഞാറയ്ക്കൽ ഇൻസ്പെക്ടർ രാജൻ.കെ.അരമന, എസ്ഐ എ.കെ.സുധീർ, എഎസ്ഐമാരായ ദേവരാജൻ, സാജൻ, വിക്കി ജോസഫ്, സുനീഷ് ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഗിരിജാ വല്ലഭൻ, അജയകുമാർ, റോബർട്ട് ഡിക്സൺ, സുബി, സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺദാസ്, സ്വരാഭ്, ടിറ്റു, പ്രീജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ ദമ്പതികളെ റിമാൻഡ് ചെയ്തു.