പരുമല (തിരുവല്ല) ∙ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ അഭിഷേകം ചെയ്തു. വ്യാഴാഴ്ച ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധ്യക്ഷൻ ഡോ. മാത്യൂസ് മാർ സേവേറിയോസിനെ കാതോലിക്കായായും മലങ്കര മെത്രാപ്പൊലീത്തയായും തിരഞ്ഞെടുത്തത്.
മലങ്കര സഭ ഒന്നാണെന്നും ഭിന്നതകൾ പരിഹരിക്കപ്പെടണമെന്നും സ്ഥാനാരോഹണത്തിനു ശേഷം ബാവാ പറഞ്ഞു. നിയമ വ്യവസ്ഥയുടെ കീഴിൽ സുസ്ഥിരമായി അച്ചടക്കത്തോടെ സമുദായം നിലനിൽക്കണം. കലഹത്തിന്റെ വികല വീക്ഷണമല്ല, ശാശ്വത സമാധാനത്തിനു വേണ്ടിയുള്ള നിലപാടാണു തന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.പരുമല പള്ളിയിൽ ഇന്നലെ രാവിലെ 6.30നു തുടങ്ങിയ അഭിഷേക ചടങ്ങുകൾക്കു സീനിയർ മെത്രാപ്പൊലീത്തയും അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ അധ്യക്ഷനുമായ കുര്യാക്കോസ് മാർ ക്ലിമ്മീസ് കാർമികത്വം വഹിച്ചു.
ലക്ഷക്കണക്കിനു വിശ്വാസികൾ ഓൺലൈനായും മെത്രാപ്പൊലീത്തമാരും സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും വൈദികരും നേരിട്ടും ചടങ്ങിൽ പങ്കെടുത്തു.മലങ്കര സഭയുടെ ഒൻപതാമത്തെ കാതോലിക്കാ ബാവായ്ക്കു മാത്യൂസ് തൃതീയൻ എന്ന പേര് കുര്യാക്കോസ് മാർ ക്ലിമ്മീസ് അഭിഷേക ചടങ്ങുകൾക്കിടെ പ്രഖ്യാപിച്ചു. സ്ഥാനത്തിനു സർവഥാ യോഗ്യനെന്ന് അർഥം വരുന്ന ‘ഓക്സിയോസ്’ ചൊല്ലുമ്പോൾ മെത്രാപ്പൊലീത്തമാർ അദ്ദേഹത്തെ ഇരിപ്പിടത്തോടെ എടുത്തുയർത്തി.വ്യാഴാഴ്ച മലങ്കര അസോസിയേഷനിൽ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മലങ്കര മെത്രാപ്പൊലീത്തയുടെ ഔദ്യോഗിക ചുമതലകൾ അദ്ദേഹം ഏറ്റെടുത്തു.
എതിരില്ലാതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയതായി മുഖ്യ വരണാധികാരി ഫാ. ഡോ. അലക്സാണ്ടർ ജെ.കുര്യൻ അസോസിയേഷൻ യോഗത്തെ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത സഹ മെത്രാപ്പൊലീത്തമാരും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുത്ത അസോസിയേഷൻ അംഗങ്ങളും കയ്യടിച്ചു തീരുമാനം അംഗീകരിച്ചു.