അഞ്ചൽ ∙ മകളോട് കൊടുംക്രൂരത കാട്ടിയ സൂരജിനു നിയമം നൽകുന്ന പരമാവധി ശിക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള പ്രാഥമിക നടപടികളായെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ. പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജുമായും മറ്റു നിയമ വിദഗ്ധരുമായും ഇക്കാര്യം ചർച്ച ചെയ്തു. കോടതി വിധിയിൽ അപാകത ഉണ്ടായതു കൊണ്ടല്ല അപ്പീൽ നൽകുന്നത്. കൊടും കുറ്റവാളിക്കു പരമാവധി ശിക്ഷ തന്നെ ലഭിക്കണം.
ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത്. അപ്പീൽ നൽകുന്നതിന് 60 ദിവസത്തെ സാവകാശം നിയമം അനുവദിക്കുന്നുണ്ടെങ്കിലും നടപടികൾ വേഗത്തിലാക്കാനുള്ള നീക്കമാണ് ഉത്രയുടെ കുടുംബം നടത്തുന്നത്. ഇതിനിടെ ശിക്ഷാവിധിക്ക് എതിരെ അപ്പീൽ നൽകുമെന്നു പ്രതിഭാഗം വ്യക്തമാക്കിയിരുന്നു.
പ്രതി സൂരജിനെ വ്യാഴാഴ്ച രാവിലെ 10ന് കൊല്ലം ജില്ലാ ജയിലിൽ നിന്നു പൂജപ്പുര സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി. ബുധനാഴ്ച ശിക്ഷാവിധി വന്നെങ്കിലും അന്നു രാത്രി കൊല്ലം ജില്ലാ ജയിലിൽ തന്നെയാണ് തുടർന്നത്. വ്യാഴാഴ്ച ഉച്ചയോടെ പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർക്കു കൈമാറി. മറ്റൊരു ജയിലിൽ നിന്നു കൊണ്ടുവന്നതിനാൽ സൂരജിനെ അവിടെ പ്രത്യേകം സെല്ലിൽ 7 ദിവസത്തേക്കു ക്വാറന്റീനിലാക്കി