ഐപിഎൽ 14ആം സീസൺ കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു കീഴടക്കിയാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. സൂപ്പര്‍ കിങ്സിനെതിരേ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
കൊൽക്കത്തക്കായി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും അര്‍ധ സെഞ്ചുറികളുമായി തിളങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ബാറ്റ്സ്മാന്മാര്ക്ക് ആ തുടക്കം മുതലാക്കാനായില്ല. ഇരുവരുമൊഴികെ ടീമില്‍ രണ്ടക്കം കടക്കാനായത് പത്താമനായി ക്രീസിലെത്തിയ ശിവം മാവിക്ക് മാത്രം. മാവി 13 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു.
ചെന്നൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്സല്‍വുഡ്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസാണ് നേടിയത്. 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. 27 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 32 റണ്‍സെടുത്ത ഋതുരാജിനെ തന്റെ ആദ്യ പന്തില്‍ തന്നെ സുനില്‍ നരെയ്ന് മടക്കുകയായിരുന്നു.
തുടര്‍ന്ന് ഡുപ്ലെസിക്കൊപ്പം എത്തിയ റോബിന് ഉത്തപ്പ മികച്ച തുടക്കം നല്കി. ഈ കൂട്ടുകെട്ട് പൊളിച്ചതും നരെയ്നായിരുന്നു. 15 പന്തില്‍ നിന്ന് മൂന്ന് സിക്സടക്കം 31 റണ്‍സെടുത്ത ഉത്തപ്പയെ നരെയ്ന് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പിന്നാലെയെത്തിയ മോയിന്‍ അലിയും കൊല്‍ക്കത്ത ബൗളിങ്ങിനെ കടന്നാക്രമിക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 37 റണ്‍സോടെ പുറത്താകാതെ നിന്ന അലി, ഡുപ്ലെസിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയ്ക്കായി നാല് ഓവര്‍ എറിഞ്ഞ സുനില്‍ നരെയ്ന് 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ലോക്കി ഫെര്ഗൂസന് 56 റണ്‍സ് വഴങ്ങി.