ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയ രീതി അശാസ്ത്രീയമെന്ന് കേന്ദ്രം. സൂചികയില്‍ ഇന്ത്യയുടെ റാങ്ക് മോശമായ സാഹചര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. 107 രാജ്യങ്ങളുള്‍പ്പെടുന്ന ആഗോള പട്ടിണി സൂചികയില്‍ 101-ാം റാങ്കാണ് ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ വര്‍ഷം 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
“‘ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്ട്ടി’ല്‍ ഇന്ത്യയുടെ റാങ്ക് താഴ്ന്നുവെന്നത് ഞെട്ടിക്കുന്നതാണ്. പോഷകാഹാരക്കുറവ് നേരിടുന്ന ജനസംഖ്യയെ ആസ്പദമാക്കി തയ്യാറാക്കുന്ന ഈ സൂചികയില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ട്. അടിസ്ഥാനപരമായ വസ്തുതകളെ കണക്കിലെടുക്കാതെ തയ്യാറാക്കിയ സൂചികയില്‍ തകരാറുകളുണ്ട്. ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണ ഏജന്‍സികളായ കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ ഹില്‍ഫ് എന്നിവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ല.”- കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നാല് ചോദ്യങ്ങളടങ്ങിയ അഭിപ്രായ സര്‍വേയിലൂടെയാണ് ഏജന്‍സി അവരുടെ വിശകലനം നടത്തിയത്. സര്‍വേ ടെലിഫോണിലൂടെയായിരുന്നു. ഇത് ശാസ്ത്രീയമായ രീതിയല്ല. ആളോഹരി ഭക്ഷധാന്യ ലഭ്യത പോലുള്ള, പോഷകാഹാരക്കുറവ് കണ്ടെത്താനുള്ള ശാസ്ത്രീയമായ ഒരുരീതിശാസ്ത്രവും ഈ കാലയളവില്‍ സ്വീകരിച്ചില്ല. പോഷകാഹാരക്കുറവ് ശാസ്ത്രീയമായി വിലയിരുത്തുന്നതിന് വ്യക്തികളുടെ ശരീരഭാരവും ഉയരവും അറിയേണ്ടതുണ്ട്. എന്നാല്‍ ഇവിടെ നടത്തിയത് ടെലിഫോണിനെ മാത്രം ആശ്രയിച്ചുള്ള വിവരശേഖരണമാണ്. സര്‍ക്കാരില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഭക്ഷ്യസഹായം ലഭിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യം പോലും ഈ സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നില്ല. സര്‍വേയിലെ ജനങ്ങളുടെ പങ്കാളിത്തം പോലും സംശയാസ്പദമാണ്.
കോവിഡ് കാലത്തുപോലും രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പൂര്‍ണമായും അപകീര്‍ത്തിപ്പെടുത്തുന്നവയാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാണെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.
ആഗോള പട്ടിണി സൂചികയില്‍ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യ. ഐറിഷ് സന്നദ്ധ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജിഎച്ച്ഐ തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്.
ചൈന, ബ്രസീല്‍, കുവൈത്ത് എന്നിവ ഉള്‍പ്പെടെ പതിനെട്ടു രാജ്യങ്ങളാണ് പട്ടികയില്‍ അഞ്ചില്‍ താഴെ സ്കോറുമായി മുന്നിലെത്തിയത്. 101ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്സ് സ്കോര്‍ 27.5 ആണ്. മ്യാന്മാര് 71ാം സ്ഥാനത്തും പാകിസ്ഥാന് 92ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവ 76ാമതാണ്. പട്ടികയില്‍ 65ാം സ്ഥാനത്താണ് ശ്രീലങ്ക. ബുറുണ്ടി, കോമറോസ്, സൗത്ത് സുഡാന്, സിറിയ, സൊമാലിയ തുടങ്ങിയവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.