പോര്‍ട്ട് ബ്ളെയര്‍: ആന്തമാൻ സെല്ലുലാർ ജയിലിനെ ഒരു ദേവാലയമായാണ് സവര്‍ക്കര്‍ കണ്ടതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്തമാൻ ജയിലിൽ നടത്തിയ സന്ദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ക്കറിന്റെ ദേശസ്നേഹത്തെ ചിലർ ചോദ്യം ചെയ്യുന്നത് വേദനയുണ്ടാക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു.
സവർക്കർക്ക് ‘വീർ’ എന്ന പേര് നൽകിയത് ഒരു സർക്കാരുമല്ല. അദ്ദേഹത്തിന്റെ ധീരതയും ദേശസ്നേഹവും അംഗീകരിച്ച് രാജ്യത്തെ 131 കോടി ജനങ്ങൾ നൽകിയ പേരാണത്. ചിലർ അദ്ദേഹത്തിന്റെ ജീവിതത്തെ ചോദ്യം ചെയ്യുന്നുണ്ട്. രണ്ടുതവണ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഒരാളുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നതൊക്കെ വേദനാജനകമാണ്-അമിത് ഷാ പറഞ്ഞു.
ബ്രിട്ടീഷുകാര്‍ അവര്‍ക്ക് തോന്നുന്നത്ര പീഡനങ്ങള്‍ക്ക് തങ്ങളെ വിധേയനാക്കാം എന്നാല്‍ അവകാശങ്ങള്‍ തടയാനാകില്ല എന്ന സന്ദേശമാണ് തന്റെ ജയില്‍ വാസത്തിലൂടെ സവര്‍ക്കര്‍ നല്‍കിയതെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ളിക്കന്‍ അസോസിയേഷന് നേതാവ് സച്ചിന് സന്യാലിനെയും ഷാ അനുസ്മരിച്ചു. കാലാപാനി എന്നറിയപ്പെട്ടിരുന്ന സെല്ലുലാര്‍ ജയിലിലേക്ക് രണ്ട് തവണ ശിക്ഷിക്കപ്പെട്ട് എത്തിയ ഏക സ്വാതന്ത്ര്യ സമര സേനാനിയാണ് സച്ചിന് സന്യാല്‍. സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്‍ സന്ദര്‍ശിച്ച അദ്ദേഹം സച്ചിന് സന്യാലിനെ പാര്‍പ്പിച്ചിരുന്ന സെല്ലിലെത്തി പുഷ്പാര്‍ച്ചന നടത്തി.
ആന്‍ഡമാന്‍ ജയിലില്‍നിന്നു മോചിതനാവാനായി വി.ഡി.സവര്‍ക്കര്‍ ബ്രിട്ടീഷുകാരോടു മാപ്പു ചോദിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സവര്‍ക്കറുടെ മോചനത്തിനു ഗാന്ധിജി ശുപാര്‍ശ ചെയ്തിരുന്നു. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലിലെ എല്ലാ തടവുകാരും മോചനത്തിനായി പതിവു നടപടിക്രമമെന്ന നിലയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നാണ് രാജ്നാഥിന്റെ വാദം.. രാജ്നാഥ് സിംഗിന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്.