ദുബായ്: ഐ.പി.എല്‍ 14-ാം സീസണ് ഫൈനലില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിന് വിട്ടു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്.
ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. അതേസമയം, കൊൽക്കത്ത മുൻപ് രണ്ട് വട്ടം ഐപിഎൽ ജേതാക്കളായിട്ടുണ്ട്. ആദ്യ പകുതിയിൽ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകർച്ച ഒഴിവാക്കിയാൽ കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം.
ബാറ്റിങ്ങില്‍ റോബിന് ഉത്തപ്പയും ധോനിയും ഫോം വീണ്ടെടുത്തത് ചെന്നൈക്ക് ആശ്വാസമാണ്. ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലെസി എന്നിവരുടെ ഫോമാണ് ചെന്നൈയുടെ കരുത്ത്. ബ്രാവോ, ജഡേജ എന്നിവരും ഫോമിലാണ്.
മറുവശത്ത് വെങ്കടേഷ് അയ്യര്‍ ടീമിലെത്തിയതോടെ ആകെ മാറ്റം വന്ന നിരയാണ് കൊല്‍ക്കത്തയുടേത്. ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി എന്നിവരുടെ ഫോമും അവര്‍ക്ക് കരുത്താണ്. സുനില്‍ നരെയ്ന്, വരുണ്‍ ചക്രവര്‍ത്തി, ശിവം മാവി, ലോക്കി ഫെര്ഗൂസന് എന്നിവരടങ്ങിയ ബൗളിങ് നിര ഏതൊരു ബാറ്റിങ് നിരയേയും പിടിച്ചുകെട്ടാന്‍ കെല്‍പ്പുള്ളവരാണ്.