സി.ജെ.തോമസിനെ കുറിച്ച് പ്രമുഖ എഴുത്തുകാരൻ എം രാജീവ് കുമാർ എഴുതുന്ന പംക്തി
42 വയസ്സിനുള്ളിൽ ആടിത്തിമിർത്തിട്ട് ജീവിതത്തിൽ നിന്ന് പിണങ്ങിപ്പോയൊരെഴുത്തുകാരൻ 1918 നും 1960 നുമിടയിൽ കൂത്താട്ടുകുളത്തു ജനിച്ചിട്ടുണ്ടായിരുന്നു സി.ജെ.തോമസ്.കൂത്താട്ടുകുളത്ത് 1918 നവംബറിൽ 14 ന് ജനിച്ചെങ്കിലും കേരളമാകെ അശാന്തമായി സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. ധൃതിയിൽ എല്ലാം തീർത്തിട്ട് സ്ഥലം വിടാൻ. സി.ജെ.തോമസിനെ കുറിച്ച് പ്രമുഖ എഴുത്തുകാരൻ എം രാജീവ് കുമാർ എഴുതുന്ന പംക്തി
കൂത്താട്ടുകുളം സ്കൂളിലും വടകര സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളേജിൽ ചേർത്തു. മകനെ വൈദികനാക്കാനുയിരുന്നു അപ്പന് താത്പര്യം. മകനോ ളോഹ ഊരി വലിച്ചെറിഞ്ഞ് ആലുവാ യു.സി.കോളേജിൽ വന്നു ചേർന്നു. യുക്തിവാദി കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ വലയിൽ !
കേരളം കണ്ട മഹാധിഷണാശാലികളിൽ ഒരാളായ കുറ്റിപ്പുഴയുടെ കൈയ്യിൽ പെട്ടാൽ പിന്നെ പറയണ്ടല്ലോ.! ചോദ്യം ചെയ്ത് ജീവിതം കോഞ്ഞാട്ടയാക്കും.
1939 ൽ ബി.എ. പാസ്സായ സി.ജെ.തോമസ് വടകര ഹൈസ്കൂളിൽ അധ്യാപകനായി. രണ്ട് വർഷം ജോലി നോക്കി.അപ്പോൾ ഒരുൾവിളി പോലെ മാർത്താണ്ഡത്തേക്കൊരു പോക്ക്. ഗ്രാമോദ്ധാരണ കേന്ദ്രത്തിലെ പരിശീലനം. പിന്നെ ഗ്രാമങ്ങളെ ഉദ്ധരിക്കാനൊന്നും പോയില്ല.തിരുവനന്തപുരത്തു പോയി ലോ കോളേജിൽ ചേർന്നു.1943 ൽ ബി.എൽ പാസ്സായി.വക്കീൽ കോട്ടിടാനൊന്നും പോയില്ല. രാഷ്ട്രീയത്തിലേക്കെടുത്തു ചാടി.
ലോ കോളേജ് വിദ്യാർഥിയായിരിക്കുമ്പോൾ വിദ്യാർഥി ഫെഡറേഷനിൽ പ്രവർത്തിച്ചു. പഠിത്തം കഴിഞ്ഞു് നാലഞ്ച് കൊല്ലം സജീവ രാഷ്ട്രീയ പ്രവർത്തകനായി ,കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായിരുന്നു.പിന്നെ രാഷ്ട്രീയം ഉപേക്ഷിച്ച് സി.ജെ.തോമസ് ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനായി. എം.പി.പോളിന്റെ ട്യൂട്ടോറിയൽ കോളേജ് അന്ന് കോളേജുകളേക്കാൾ പ്രസിദ്ധമാണ്. എം.പി.പോളോ ഇംഗ്ലീഷിൽ ഒരു പുലിയായിരുന്നു!
പുലിയുടെ മകളെയുമടിച്ചു മാറ്റി സി.ജെ. ജീവിതത്തിലേക്ക് കൊണ്ടുവന്നു. 1951 ൽ പ്രിൻസിപ്പലിന്റെ സുന്ദരിയായ മകളേയും പ്രണയ പാശം കൊണ്ട് ബന്ധിച്ച് ഇതിയാൻ അങ്ങ് കൊണ്ടുപോയെന്ന് സാരം.നേരെ തിരുവനന്തപുരം ആകാശവാണിയിലേക്കാണ് ജോലിയായി വന്നത് 1957 ൽ! പ്രൊഡ്യൂസറായി. അവിടെയും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. സ്റ്റേഷൻ ഡയറക്ടറുടെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചിട്ട് ഭക്തി വിലാസത്തിന്റെ പടിയിറങ്ങി
മദ്രാസ്സിലേക്കാണ് നേരെ പോയത്.അവിടെ ദക്ഷിണ ഭാഷാഗ്രന്ഥ മണ്ഡലത്തിൽ പ്രൊഡക്ഷൻ ആപ്പീസറായി. നല്ല ജോലിയായിരുന്നു. അതും കളഞ്ഞ് കുളിച്ച്എറണാകുളത്ത് വന്നു. വോയ്സ് ഓഫ് കേരള, വീക്ക്ലി കേരള, ദീനബന്ധു എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. ഡെമോക്രാറ്റിക്, ഗോപുരം,കഥ, ചിത്രോദയം തുടങ്ങിയ അൽഗുൽത്ത് മാസികകളിലും പത്രാധിപരായി.പുരോഗമന സാഹിത്യ സംഘടനയുടെ മുന്നിലും കൊടിപിടിച്ചു കൊണ്ട് സി.ജെ. നടന്നിട്ടുണ്ട്. സാഹിത്യ പ്രവർത്തക സഹകരണ സംഘം പുറത്തിറക്കിയിരുന്ന കവർ ചിത്രങ്ങൾ അൻപതുകളിൽ വരച്ചിരുന്നതു് സി.ജെ.യായിരുന്നു.
1960 ജൂലായ് 14 ന് വെല്ലൂർ ആശുപത്രിയിൽ വച്ച് അന്തരിക്കുകയായിരുന്നു. ബുദ്ധി കൂടിക്കൂടി മസ്തിഷ്ക സംബന്ധമായ ശസ്ത്രക്രിയയ്ക്കിടയിൽ മരണം വന്ന് “ഇനി നിന്റെ ഇഹ ലോകവാസം മതി ” എന്ന് കാതിൽ മന്ത്രിച്ച് സി.ജെ.യെ ദൈവരാജ്യത്തേക്ക് കൂട്ടിക്കൊണ്ടുപോയി.1970 ൽ സി.ജെ യുടെ പത്നി റോസി തോമസ് രചിച്ച “ഇവൻ എന്റെ പ്രിയ സി ജെ “യിലൂടെയാണ് അദ്ദേഹത്തെപ്പറ്റി കൂടുതൽ ലോകം അറിയുന്നത്.സി.ജെ.യുടെ നാടകങ്ങളും ലേഖനങ്ങളും ചാട്ടുളി പ്രയോഗങ്ങളാണ്. കുറച്ചേ എഴുതിയിട്ടുള്ള ങ്കിലും അത് മതിയല്ലോ!
ആദ്യത്തെ നാടകം 1949 ലാണ് എഴുതുന്നത് “അവൻ വീണ്ടും വരുന്നു. ” 1950 ൽ നാടകശാസ്ത്ര ഗ്രന്ഥമെഴുതി.”ഉയരുന്ന യവനിക” റഷ്യൻ വിപ്ലവത്തിന് കളമൊരുക്കിയ മാക്സിം ഗോർക്കിയുടെ “ജനുവരി ഒൻപത് ” 1952 ൽ സി.ജെ. വിവർത്തനം ചെയ്തു. 1953 “ഇവൻ എന്റെ പ്രിയപുത്രൻ ” പുറത്തു വന്നു. ലേഖന സമാഹാരമാണ്. ഇതിലെ മൂന്ന് ലേഖനങ്ങൾ വായിക്കേണ്ടത് തന്നെയാണ്. “സപത്നിയോ വേശ്യയോ കന്യാസ്ത്രീയോ ?” ,”പ്രേമം ഒരു സിദ്ധിയാണ് ” , “തെറി” എന്നിവയാണവ. ശീർഷകത്തിൽ തന്നെ ഗുട്ടൻസുണ്ട്.
1954 ലാണ് “1128 ൽ ക്രൈം 27 ” എന്ന നാടകം പുസ്തകമാകുന്നതു്. ജീവിതത്തിന്റെ കാപട്യങ്ങളെ എടുത്തു കാണിക്കുന്ന നാടകമാണിത്. മരണം ഫലിതമാക്കുന്ന ഗുരു എന്നൊരു കഥാപാത്രമുണ്ടിതിൽ. കേസരി ബാലകൃഷ്ണപിള്ളയെ മനസ്സിൽ വച്ചായിരിക്കണം അത് എഴുതിയത്.ബൈബിൾ കഥകളെ ആധാരമാക്കി 1954 ൽ സി.ജെ. രചിച്ച റേഡിയോ നാടകമാണ് “ശലോമി ” 1955 ൽ ” ആ മനുഷ്യൻ നീ തന്നെ ” പുറത്തു വന്നു. അതും ബൈബിൾ കഥയാണ്.1955 ൽ 18 ലേഖനങ്ങളുടെ സമാഹാരം “ധിക്കാരിയുടെ കാതൽ “പ്രസിദ്ധപ്പെടുത്തി.
അതേ വർഷം തന്നെയാണ് “ആന്റിഗണി ” പരിഭാഷപ്പെടുത്തുന്നത്. 1956 ൽ നോർവീജിയൻ നാടകകൃത്ത് ഇബ്സന്റെ “ഗോസ്റ്റ് ” എന്ന നാടകം “ഭൂതം ” എന്ന പേരിൽ തർജമ ചെയ്തു.
ഇതൊന്നുമല്ല ഇക്കാലത്തെ ചൊടിപ്പിക്കുന്നത്.
1948 ൽ “സോഷ്യലിസം “,”മതവും കമ്മ്യൂണിസവും” എന്നീ പുസ്തകങ്ങൾ എഴുതിയ സി.ജെ. മരിച്ചപ്പോൾ സന്തോഷിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നിരിക്കണം !കേരളത്തിലെ കമ്മ്യൂണിസത്തെ തകർക്കാൻ 1955 ൽ “നട്ടുച്ചക്കിരുട്ട് ” എന്ന നോവൽ എഴുതിയ സി ജെയെ എങ്ങനെ വച്ചു പൊറുപ്പിക്കും. ? ആ നോവൽ യുണൈറ്റഡ് സ്റ്റേറ്റ് ഇൻഫർമ്മേഷൻ സർവ്വീസിന്റെ സഹായത്തോടെയാണ് പ്രസിദ്ധീകരിച്ചത്. പിന്നെ പറയേണ്ടതുണ്ടോ? അമേരിക്കൻ ചാരനായി സി.ജെ. മുദ്രകുത്തപ്പെട്ടു. കൂടെയുണ്ടായിരുന്ന എം.ഗോവിന്ദനടക്കം എല്ലാരും അമേരിക്കൻ ചാരന്മാരായി. എൺപതുകളിൽ നക്സലൈറ്റായും രണ്ടായിരത്തി പത്തുകളിൽ സഘിയായും മുദ്രകുത്തുന്നതുപോലെ സ്വതന്ത്ര ചിന്തയ്ക്ക് അക്കാലത്തെ കമ്യൂണിസ്റ്റ് ഭാഷ്യമായിരുന്നു “അമേരിക്കൻ ചാരൻ!”
“നട്ടുച്ചക്കിരുട്ട് ” എന്ന നോവലും ശീർഷകം ധ്വനിപ്പിക്കുന്നതുപോലെയായിരുന്നു.
നാല്പതു വർഷമായി പാർട്ടിയിലെ പ്രതിജ്ഞകൾക്കൊത്ത് ജീവിച്ച നിക്കോലസ് സിൽമിനോവിച്ച് റുബാ ഷോവിനെ പിൻതിരിപ്പനായി തുറന്നു കാട്ടി വിചാരണ ചെയ്ത് കൊല്ലുവാൻ വിധിക്കുന്നു. രചനാശില്പം തികഞ്ഞൊരു നോവലാണിത്. റുബാഷോവിന്റെ അറസ്റ്റി നുശേഷം അയാളിലുണ്ടായ മാനസിക പ്രതികരണങ്ങളെ വരച്ചുകാട്ടുന്നതിൽ മികവുകാട്ടുന്ന നോവൽ എന്നൊക്കെപ്പറഞ്ഞ് കമ്മ്യൂണി സ്റ്റ് വിരുദ്ധർക്ക് അർമ്മാദിക്കാമെങ്കിലും നല്ലൊരു പണിയാണ് സി ജെ പാർട്ടിക്കിട്ടുകൊടുത്തത്.
ഇന്നും ആ വടി ഉത്തരത്തിലിരിപ്പുണ്ട്. നമ്മുടെ കോൺഗ്രസ്സുകാരിൽ വടിയെടുക്കാൻ കെൽപ്പുള്ള ആരുമില്ലത്തത് ഭാഗ്യം. ബി.ജെ.പി. ഇത് കണ്ടില്ലെന്നു തോന്നുന്നു.ഇനി വേറൊരു വടി തരാം. 1960 ൽ സി.ജെ. എഴുതിയ നാടകം ” വിഷവൃക്ഷം ” രാഷ്ടീയ നാടകമാണ്. ഇന്ന് ഏറെ പ്രസക്തമായ നാടകം. ഈ നാടകമെങ്ങാനും ആവേശം മൂത്ത് എടുത്ത് കളിച്ചിട്ട്, സ്റ്റേജ് തല്ലിപ്പൊളിച്ച് സഖാക്കന്മാർ നടന്മാരുടെ എല്ലൊടിച്ചാൽ ഞാൻ ഉത്തരവാദിയല്ല. പറഞ്ഞേക്കാം.
ആ നാടകത്തിന്റെ കഥാതന്തു ഇതാണ്. പാർട്ടി അധികാരത്തിൽ വരുമ്പോൾ എം.എൽ.എ.കേശവൻ നായർ മകളെ യുവ പാർട്ടി നേതാവ് ഗോപാലന് കല്യാണം കഴിച്ചു കൊടുക്കുന്നു. സ്വാർത്ഥത, അഴിമതി, വഞ്ചന, അപ്രമാദിത്തം, തുടങ്ങി സഖാക്കൾക്ക് അരു താത്തതൊക്കെ നേതാവിനുണ്ട്. അമ്മാച്ചനെക്കാൾ കേമനായി അധികാരഛായയിൽ മരുമകനും ഒരു വിഷവൃക്ഷമായിത്തീരുകയാണ്. അതിനെ മുറിക്കാൻ ജനം മുറവിളി കൂട്ടുന്നതാണ് നാടകം.
ഇതൊന്നും കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയുടേയും സിലബസ്സിന്റെ നാലയലത്ത് ഇപ്പോൾ കയറ്റാറില്ലെന്നു തോന്നുന്നു.
ഞാനായിട്ടൊന്നും പറഞ്ഞിട്ടില്ല. അറുപതു് കൊല്ലം മുമ്പ് എഴുതിയിട്ടിട്ട് അക്കൊല്ലം തന്നെ ഈ ഭൂമുഖത്തു നിന്നു തന്നെ കടന്നു കളഞ്ഞ സി.ജെ.തോമസിന്റെ നാടകത്തെപ്പറ്റി പറഞ്ഞന്നേയുള്ളൂ!
പിന്നെയും അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ പൊടി പോലും കാണുമായിരുന്നോ? അതല്ല 103 വയസ്സിലും ജീവിച്ചിരുന്നെങ്കിൽ ഇന്ന് കമ്മ്യൂണിസ്റ്റുകാർ പിടിച്ച് സംഘിയാക്കിയേനെ.!
സി.ജെ.യുടെ ജാതകത്തിൽ ഉണ്ടായിരുന്നിരിക്കണം 42 വയസ്സിന്
ശേഷം ചിന്ത്യം!