പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ കേട്ടത്. എലോൺ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഡയലോഗ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.
‘യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്’ എന്ന മോഹൻലാലിന്റെ ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീസർ റിലീസ് ചെയ്തത്. സിനിമയിൽ മോഹൻലാൽ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നതെന്നും സൂചനയുണ്ട്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടത്.
https://www.facebook.com/plugins/video.php?height=234&href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fvideos%2F6188931337843901%2F&show_text=false&width=560&t=0
അതിനിടെ കൂടുതൽ ആരാധകരുടേയും മനം കവരുന്നത് വിഡിയോയിലെ ബിജിഎം ആണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എഡിറ്റിങ് ഡോൺമാക്സ്.
2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മോഹൻലാലും ഷാജി കൈലാസും ഒന്നിച്ചപ്പോഴെല്ലാം നിരവധി മാസ് ഡയലോഗുകളാണ് പിറന്നത്. എലോണിലും ഇതിന് മാറ്റമുണ്ടാകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.