ചെന്നൈ: തമിഴ്നാട് ചിദംബരത്ത് ക്ലാസ് കട്ട് ചെയ്തതിന് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകൻ അറസ്റ്റില്‍. അധ്യാപകന് സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് കുട്ടിയില്‍ നിന്ന് പരാതി എഴുതിവാങ്ങിയാണ് കേസെടുത്തത്.
ചിദംബരം നന്ദനാര്‍ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയെയാണ് കഴിഞ്ഞ ദിവസം അധ്യാപകന് സുബ്രഹ്മണ്യന് ക്രൂരമായി മര്‍ദിച്ചത്. സഹപഠികള്‍ക്കു മുന്നില്‍ വടികൊണ്ട് അടിക്കുകയും കുട്ടിയെ ചവിട്ടി വീഴ്ത്തുകയും ചെയ്തു.
മര്‍ദനം കണ്ടുനില്‍ക്കാനാവാതെ സഹപാഠികളില്‍ ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ഇന്നലെയിതു സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് മര്‍ദന വിവരം പുറത്തായത്. ജില്ലാ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിറകെ പോലീസ് വിദ്യാര്‍ഥിയില്‍ നിന്ന് പരാതി എഴുതി വാങ്ങി. പട്ടിക അതിക്രമ നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകുന്നതോടെ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.