ചമ്രവട്ടം ∙ ശക്തിയായി മഴ പെയ്തതോടെ നിറഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ അടിഞ്ഞു കൂടിയത് നൂറു കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ. ചമ്രവട്ടം പാലത്തിനും അയ്യപ്പക്ഷേത്രത്തിനും ഇടയിലുള്ള ഭാഗത്താണ് ഇവ അടിഞ്ഞു കൂടിയത്. ഒഴുക്കിൽ പെട്ട് വന്ന പായൽ ചണ്ടികളിൽ കുടുങ്ങിയാണു കുപ്പികൾ കിടക്കുന്നത്. മഴയെ തുടർന്ന് ചമ്രവട്ടം പദ്ധതിയുടെ താഴെ ശക്തമായ ഒഴുക്കാണുള്ളത്. ഇതിൽ കരയോടു ചേർന്ന ഷട്ടറുകൾ വഴി ഒഴുകി വന്നവ മാത്രമാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
മധ്യഭാഗത്തിലൂടെ വന്നവ മുഴുവൻ ഒലിച്ചു പോയി. ഇത് നേരെ കടലിലേക്കെത്തും. തിരുനാവായ മുതൽ കുറ്റിപ്പുറം വരെയുള്ള ഭാഗങ്ങളിൽ പുഴയുടെ തീരത്തുള്ള കടകളിൽ നിന്ന് ഉപയോഗശേഷം തള്ളുന്ന കുപ്പികളാണിതെന്നു നാട്ടുകാർ ആരോപിച്ചു. ഈ ഭാഗങ്ങളിൽ തന്നെ വൈകുന്നേരങ്ങളിൽ പുഴ കാണാനെത്തുന്നവരും ഇങ്ങനെ ചെയ്യാറുണ്ടെന്നും പരാതിയുണ്ട്.