താമരശ്ശേരി∙ സിപിഎം കൊടികുത്തിയതിലൂടെ വിവാദമായ കുപ്പായക്കോട്ടെ ഫാക്ടറിയും ഫാക്ടറി ഉടമയായ സ്ത്രീയുടെ വീടും കടബാധ്യതയുടെ പേരിൽ ബാങ്ക് അധികൃതർ ജപ്തി ചെയ്തു. ജപ്തിയെ തുടർന്ന് ഇന്നലെ രാത്രിയിൽ പെരുവഴിയിലായ കുടുംബത്തിന് അടുത്ത വാർഡിലെ വനിതാ മെംബർ അഭയം നൽകി. പുതുപ്പാടി പഞ്ചായത്തിലെ കുപ്പായക്കോട് കീച്ചേരിയിൽ ജൂലി ടോണിയുടെ ഉടമസ്ഥതയിലുള്ള ഒറിസ്സ ലാറ്റക്സ് റബർ ഫാക്ടറിയും വീടും അടങ്ങിയ ഒരേക്കർ സ്ഥലമാണ് വായ്പ കുടിശ്ശികയുടെ പേരിൽ ഇന്നലെ എസ്ബിഐ ജപ്തി ചെയ്തത്.
ഫാക്ടറി തുടങ്ങാൻ 90 ലക്ഷം രൂപയാണ് എസ്ബിഐ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ നിന്നു വായ്പ എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങി കടബാധ്യത 1.60 കോടി രൂപ ആയതോടെയാണ് ബാങ്ക് ജപ്തി നടപടി സ്വീകരിച്ചത്. കോഴിക്കോട് സിജെഎം കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മിഷണർ പി. ജൂലിയുടെ നേതൃത്വത്തിലായിരുന്നു ജപ്തി. ഫാക്ടറി സ്ഥാപിച്ച് 6 മാസത്തോളം മാത്രമാണ് പ്രവർത്തിക്കാൻ കഴിഞ്ഞതെന്നും സിപിഎമ്മിന്റെ കൊടികുത്തും പ്രശ്നങ്ങളും മൂലം തുടർന്നു പ്രവർത്തിക്കാൻ കഴിയാതെ വന്നതാണ് വായ്പ തിരിച്ചടവ് മുടങ്ങാൻ കാരണമെന്നും ഉടമ ജൂലി ടോണി പറഞ്ഞു. സിപിഎം പ്രാദേശിക നേതാക്കളുടെ അനാവശ്യ ഇടപെടലുകൾ മൂലം ഫാക്ടറി പ്രവർത്തിക്കാൻ കഴിയാതെ വന്നതാണ് കട ബാധ്യതയ്ക്കു കാരണമെന്നു ജൂലിയുടെ ഭർത്താവ് ടോണി പറഞ്ഞു.
2017ൽ സ്ഥാപിച്ച ഫാക്ടറിയിൽ വഴി പ്രശ്നത്തിന്റെ പേരു പറഞ്ഞ് 2018 ഫെബ്രുവരിയിലാണ് കൊടി കുത്തിയത്. തുടർന്ന് ഇതുവരെ 33 കേസുകൾ ഉണ്ടായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് പൊലീസിൽ പല തവണ പരാതികൾ നൽകിയിട്ടും തങ്ങൾക്കു നീതി കിട്ടിയില്ലെന്നും ടോണി പറഞ്ഞു. അതേ സമയം, നോട്ടിസ് പതിച്ച് നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയാണ് ജപ്തി നടത്തിയതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഈ ഫാക്ടറിയുടെ തന്നെ ആവശ്യത്തിനായി ഈടു വച്ചിരുന്ന പാലായിലെ ഒരേക്കർ സ്ഥലത്തിന്റെ ജപ്തി നടപടിക്ക് കോടതിയിൽ നിന്നു സ്റ്റേ ലഭിച്ചിട്ടുണ്ട്