കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് മര്‍ദനം. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേെസടുത്തു. പ്രസിഡന്റ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെജിഎംഒഎയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഒപി ബഹിഷ്കരിച്ച് സമരം തുടരുകയാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്ന് കെജിഎംഒ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ കെ.ജെ.റീന പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഡ്യൂട്ടി ഡോക്ടര്‍ ഗണേഷിന് മര്‍ദനമേറ്റത്. ആംബുലന്‍സില്‍ എത്തിച്ചയാളെ ഡോക്ടര്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി പരിശോധിച്ചില്ലെന്ന തര്‍ക്കമാണ് ഡോക്ടറെ കയ്യേറ്റം ചെയ്യുന്നതില്‍ എത്തിയത്. മര്‍ദനമേറ്റ ഡോക്ടര്‍ ഗണേഷ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഡോക്ടര്‍ മോശമായി പെരുമാറിയെന്നും കൈയേറ്റം ചെയ്തെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റിൻ്റെ ആരോപണം. തന്നേയും കൂടെയുള്ളയാളെയും പിടിച്ചുതള്ളുകയും മര്‍ദിക്കുകയും ചെയ്തു. ആംബുലന്‍സ് ഉണ്ടായിരുന്നത് ഡോക്ടര്‍ ഇരിക്കുന്നതിന് അടുത്തായിരുന്നെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ തന്റെ തൊട്ടടുത്ത വാര്‍ഡില്‍ കിണറ്റില്‍ വീണ് മരിച്ച ഒരു സ്ത്രീയുടെ മൃതദേഹവുമായി ആശുപത്രിയില്‍ എത്തി. ആംബുലന്‍സില്‍ മൃതദേഹം സൂക്ഷിച്ച ശേഷം പ്രസിഡന്റും ഒപ്പമുണ്ടായിരുന്നവരും ഡോക്ടറോട് മരണം സ്ഥിരീകരിച്ച് നല്‍കണമെന്ന ആവശ്യപ്പെട്ടു.
മറ്റൊരു രോഗിക്ക് പ്ലാസ്റ്റര്‍ ഇടുന്നതിൻ്റെ തിരക്കിലായിരുന്നതിനാല്‍ ഡോക്ടര്‍ ഇവിടെ എത്താന്‍ വൈകി. തുടര്‍ന്ന് മരണം സ്ഥിരീകരിച്ച് നല്കണമെങ്കില് ആശുപത്രിയില്‍ ഇ.സി.ജി എടുക്കണമെന്ന നടപടി ക്രമത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ക്ഷുഭിതനായ പ്രസിഡന്റും ഒപ്പമുണ്ടായിരുന്നവരും ഡോക്ടറെ അസഭ്യം പറഞ്ഞു. ഇതിൻ്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
തന്നെ മര്‍ദിച്ചുവെന്ന് കാണിച്ച് ഡോക്ടര്‍ നല്കിയ പരാതിയില്‍ പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ഡോക്ടറെ മര്‍ദിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അതുകൊണ്ട് തന്നെ പ്രസിഡന്റ് ശ്രീകുമാറിനേയും ഒപ്പമുണ്ടായിരുന്നവരേയും അറസ്റ്റ് ചെയ്യേണ്ടി വരും. അതേസമയം ഡോക്ടര്‍ തങ്ങളെ മര്‍ദിച്ചുവെന്ന് കാണിച്ച് പരാതി കൊടുത്ത പ്രസിഡന്റും ഒപ്പമുണ്ടായിരുന്നവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.