അടിമാലി ∙ പഴയ ആലുവ–മൂന്നാർ റോഡ് തുറക്കുന്നതിനുള്ള പ്രാരംഭ പരിശോധനയ്ക്ക് മുഖ്യമന്ത്രി പച്ചക്കൊടി വീശിയത് നാട്ടുകാർക്ക് ശുഭപ്രതീക്ഷ നൽകുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ കോതമംഗലം എംഎൽഎ ആന്റണി ജോണിന്റെ ചോദ്യത്തിനു നൽകിയ മറുപടിയിലാണ് പ്രാരംഭ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇതിന്റെ ഭാഗമായി വനം വകുപ്പുമായി ചർച്ചകൾ നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
1924ലെ പ്രളയത്തിലാണ് ആലുവയിൽ നിന്ന് കോതമംഗലം–കുട്ടമ്പുഴ– പൂയംകുട്ടി– കുറത്തിക്കുടി–മാങ്കുളം വഴി മൂന്നാറിലേക്കുള്ള റോഡ് തകർന്നത്. ബ്രിട്ടിഷ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കയറ്റം, വളവ് എന്നിവ പരമാവധി കുറച്ചു നിർമിച്ച റോഡ് പലയിടങ്ങളിലും നശിച്ചതോടെയാണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത്. തുടർന്നാണ് കോതമംഗലത്തു നിന്ന് നേര്യമംഗലം– അടിമാലി വഴി മൂന്നാറിലേക്കു റോഡ് നിർമിച്ചത്
രാജപാത അടഞ്ഞതോടെ യാത്രാ ദുരിതം അനുഭവിക്കുന്നത് മാങ്കുളം നിവാസികളാണ്. അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടി ഉൾപ്പെടുന്ന ഒരു ഡസനോളം ആദിവാസി സങ്കേതങ്ങളും യാത്രാക്ലേശം നേരിടുന്നു. ഇതിനിടെ, പൂയംകുട്ടി– മാമലക്കണ്ടം വരെയുള്ള ദൂരവും മാങ്കുളത്തു നിന്ന് മൂന്നാർ വരെയുള്ള ദൂരവും ഒഴിവാക്കി കോതമംഗലം– നേര്യമംഗലം– ആറാംമൈൽ– മാമലക്കണ്ടം–എളംബ്ലാശേരി– കുറത്തി–മാങ്കുളം വഴി കല്ലാറിൽ എത്തും വിധം മലയോര ഹൈവേയിൽ ഉൾപ്പെടുത്തിയെങ്കിലും നടപടി ഇഴയുകയാണ്
മാങ്കുളത്തു നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകണമെങ്കിൽ 15 മുതൽ 22 വരെ കിലോമീറ്റർ സഞ്ചരിച്ച് കൊച്ചി– ധനുഷ്കോടി ദേശീയ പാതയിലെ കല്ലാറിൽ എത്തി അടിമാലി വഴി 70 കിലോമീറ്റർ സഞ്ചരിക്കണം. ആലുവ– മൂന്നാർ റോഡ് യാഥാർഥ്യമായാൽ 25 കിലോമീറ്റർ ദൂരം കുറയും. ഇതോടൊപ്പം കുറത്തിക്കുടി, എളംബ്ലാശേരി ഉൾപ്പെടുന്ന ആദിവാസികൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിനും ആശ്വാസമാകും. മൂന്നാറിൽ നിന്നുള്ള യാത്രക്കാർക്കും കോതമംഗലത്തേക്ക് എളുപ്പമാർഗമാണിത്.
നെടുമ്പാശേരിയിൽ നിന്ന് കോതമംഗലം–അടിമാലി– മൂന്നാർ വഴി ആണ് ഇപ്പോൾ കൊടൈക്കനാൽ യാത്ര. രാജപാത യാഥാർഥ്യമായാൽ 25 കിലോമീറ്ററിലേറെ കുറവുണ്ടാകും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കാഴ്ചകൾ രാജപാതയുടെ സവിശേഷതയാണ്. തട്ടേക്കാട് പക്ഷി സങ്കേതം, ചെറുതും വലുതുമായ വെള്ളചാട്ടം , ആനക്കുളം, ആദിവാസി ഗ്രാമങ്ങൾ എന്നിവ സഞ്ചാരികൾക്ക് വിസ്മയം പകരുന്നതാണ്. കൊച്ചി– ധനുഷ്കോടി ദേശീയ പാതയുടെ സമാന്തര പാതയാകുമെന്ന സവിശേഷതയുമുണ്ട്