കോട്ടയം ∙ മോന് ആരാകാനാണ് ആഗ്രഹം. ആരു ചോദിച്ചാലും അഭിമന്യുവിന് ഒറ്റ ഉത്തരം. വാവാ സുരേഷിനെപ്പോലെ പാമ്പു പിടുത്തക്കാരനാകണം. അഭിമന്യുവിന്റെ ഉത്തരം കേട്ട് ഞെട്ടിയോ? അഭിമന്യുവിന്റെ കഥ കേട്ടാൽ ആരും പിന്നെയും ഞെട്ടും. അമ്മയുടെ മടിയിലിരിക്കുമ്പോഴാണ് 6 മാസം പ്രായമുള്ള അഭിമന്യുവിനെ പാമ്പു കടിച്ചത്. ആ സംഭവം അഭിമന്യു അറിയുന്നത് മൂന്നാം വയസ്സിൽ. അന്നു മുതൽ അഭിമന്യുവിനു പാമ്പിനെ ഭയമല്ല. ഇഷ്ടമാണ്.
അയ്മനം പുലിക്കുട്ടിശേരി പാറേക്കണ്ടം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം. തുറന്നിട്ട വാതിലിനു സമീപം നിലത്തിരുന്ന അഭിമന്യുവിന് പാലു കൊടുക്കുകയായിരുന്നു അമ്മ. ഈ സമയത്താണ് അഭിമന്യുവിനെ പാമ്പു കടിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോൾ ഇഴഞ്ഞു പോകുന്ന പാമ്പിനെ കണ്ടു. കുഞ്ഞിന്റെ കാലിൽ കടിച്ച പാടുമുണ്ട്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശരീരം നീലിച്ച് ഹൃദയമിടപ്പു നിലച്ചു. കുട്ടികളുടെ ആശുപത്രിയിൽ 7 ദിവസം ജീവനും മരണത്തിനും ഇടയിൽ അഭിമന്യു കഴിഞ്ഞു. ഒടുവിൽ ജീവിതത്തിലേക്ക് തിരികെ വന്നു.
ഇന്ന് ടിവിയിൽ സൂരജിന്റെ ശിക്ഷ അറിഞ്ഞപ്പോൾ എന്റെ കുഞ്ഞുമായുള്ള ഓട്ടം ഓർത്തു. ആഹാരം പോലും കഴിക്കാൻ കഴിഞ്ഞില്ല. പാമ്പിന്റെ കടിയേറ്റ് ഉത്ര മരിക്കുന്നത് അറിയാതെ മനസ്സിൽ തെളിഞ്ഞു വന്നു. ഒരു നാട് മുഴുവൻ 7 ദിവസം ഉണർന്നിരുന്നു പ്രാർഥിച്ചതിന്റെ ഫലമാണ് എനിക്കു കുഞ്ഞിനെ തിരികെ കിട്ടിയത്– ആതിര പറഞ്ഞു. 3 വയസ്സായപ്പോൾ മകനോട് ഈ കഥ ആതിര പറഞ്ഞു. അതോടെ പാമ്പിനെ ഇഷ്ടമായി. എന്നും പാമ്പിന്റെ കഥകൾ അറിയാനാണ് താൽപര്യം. യൂട്യൂബിൽ കാണുന്നതും പാമ്പിന്റെ വിഡിയോകൾ. പാമ്പുകളുടെ പേരും പ്രത്യേകതകളും അഭിമന്യു മനസ്സിലാക്കി തുടങ്ങി