ഇലവുംതിട്ട ∙ കോവിഡ് ബാധിതരുടെ ശരീര താപനില പരിശോധിക്കുന്നതിനൊപ്പം അവർക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകാനും കഴിയുന്ന റോബട്ട് രൂപകൽപന ചെയ്തു ശ്രീബുദ്ധ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ. ‘ഓട്ടോ-മാറ്റിക്ക് സ്മാർട് റോബട്ട് ’ എന്നാണ് ഇതിന്റെ പേര്. കോവിഡ് വാർഡിലെ മാലിന്യശേഖരണത്തിനുള്ള സംവിധാനവും റോബട്ടിലുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം വിദ്യാർഥികളായ അനന്തു സന്തോഷ്, എ.അശ്വിൻ, എസ്.സൂരജ്, രാജേഷ് ആർ.കുറുപ്പ് എന്നിവരാണ് റോബട് രൂപകൽപന ചെയ്തത്.
പ്രോജക്ട് കോഓർഡിനേറ്ററായ അസിസ്റ്റന്റ് പ്രഫസർ സാംസൺ ജോർജ് മേൽനോട്ടം വഹിച്ചു. രോഗികളുടെ സമീപത്തെത്തി ശരീര താപനില അളക്കാനുള്ള സംവിധാനമാണ് ഇതിലുള്ളത്. തുടർന്നു ഡോക്ടർ, നഴ്സ് എന്നിവരുടെ സ്മാർട് ഫോണിലേക്ക് താപനില കൈമാറും. കുറഞ്ഞ ചെലവിലാണ് ഇതിന്റെ നിർമാണം. സ്മാർട് ഫോൺ വഴി നിയന്ത്രിക്കാനുള്ള സൗകര്യവുമുണ്ട്. 8 സെന്റിമീറ്റർ വ്യാസമുള്ള കറുത്ത പാതയിലൂടെയാണ് റോബട്ടിന്റെ സഞ്ചാരം. 4 പ്രോക്സിമിറ്റി സെൻസറുകൾ ഇതിനായി ഉപയോഗിക്കുന്നു.
രോഗികളുടെ കിടക്കയ്ക്കരികിലെത്തി ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ വിതരണം ചെയ്യാനും റോബട്ടിനു കഴിയും. രോഗികളുമായുള്ള സമ്പർക്കം കൂടാതെ തന്നെ ആഹാരവും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു നൽകാനുള്ള സൗകര്യവും ഓട്ടോ-മാറ്റിക്ക് സ്മാർട്ട് റോബട്ടിലുണ്ട്. വൈഫൈ, ബ്ലൂടൂത്ത് മൊഡ്യൂൾ സംവിധാനവും ക്രമീകരിച്ചിട്ടുള്ളതിനാൽ ഭാവിയിൽ ഹോസ്പിറ്റൽ കൺട്രോളിങ് സംവിധാനവുമായി ഇതിനെ ബന്ധിപ്പിക്കാനും കഴിയും