അഞ്ചൽ ∙ അച്ഛനു ലഭിച്ച ശിക്ഷയുടെ കാഠിന്യവും അമ്മയുടെ അഭാവവും അറിയാതെ ഏറം വെള്ളശേരിൽ വീട്ടിൽ ഓടിക്കളിക്കുകയായിരുന്നു ഉത്രയുടെ മകൻ ആർജവ്. അപരിചിതരായ ഒട്ടേറെ ആളുകൾ വീട്ടിൽ എത്തിയതിന്റെ അൽപം പരിഭ്രമം ഉണ്ടെങ്കിലും ഈ രണ്ടര വയസ്സുകാരന് ഭയക്കേണ്ടതില്ലല്ലോ. അവൻ അമ്മയെന്ന് വിളിക്കുന്ന മുത്തശ്ശി മണിമേഖലയുടെയും അച്ഛനെന്നു വിളിക്കുന്ന മുത്തച്ഛൻ വിജയസേനന്റെയും സ്നേഹത്തണലുണ്ട് കൂട്ടിന്.
മുത്തശ്ശൻ വിജയസേനനും മാമൻ വിഷുവും രാവിലെ കോടതിൽ പോയതു അച്ഛൻ സൂരജിനു നിയമം നൽകുന്ന ശിക്ഷ അറിയാനാണെന്ന് ആർജവിന് അറിയില്ല. ‘അമ്മ’ അടുത്തുള്ളതിന്റെ ആത്മവിശ്വാസത്തിൽ അവൻ ഓടിക്കളിച്ചു. മകളെ കൺമുന്നിൽ നഷ്ടമായ തങ്ങൾക്ക് ആർജവിന്റെ സാമീപ്യമാണ് ഏക ആശ്വാസമെന്നു വിജയസേനനും മണിമേഖലയും പറയുന്നു. ‘ആർജവ് ’ എന്ന പേരുപോലും അവർ നൽകിയതാണ്. സൂരജിന്റെ വീട്ടുകാർ കുട്ടിക്കു നൽകിയ ധ്രുവ് എന്ന പേര് ഉപേക്ഷിക്കുകയായിരുന്നു.
കൊടുംകുറ്റവാളിയായ സൂരജിന്റെ ഓർമകൾ പോലും ഇവരെ അത്രകണ്ടു നോവിക്കുന്നുണ്ട്. ഉത്രയുടെ നാടായ ഏറം ഗ്രാമത്തിൽ നിന്ന് ഒട്ടേറെ ആളുകൾ ശിക്ഷ അറിയാൻ കൊല്ലത്തെ കോടതിയിൽ എത്തിയിരുന്നു. കൊടും കുറ്റവാളിയായ സൂരജിനു ജീവപര്യന്തം തടവ് കുറഞ്ഞ ശിക്ഷയാണെന്നു നാട്ടുകാർ പറയുന്നു. അപൂർവങ്ങളിൽ അപൂർവം എന്നു കോടതി പരാമർശിച്ച കേസിൽ പരമാവധി ശിക്ഷ സൂരജിനു ലഭിക്കാൻ ഉത്രയുടെ കുടുംബത്തോടൊപ്പമാണു നാട്ടുകാരും.
ഉത്ര വധക്കേസിൽ വളരെ നിർണായകമായിരുന്നു ഫൊറൻസിക് തെളിവുകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൃത്യതയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക് സർജൻ ഡോ.ആർ. രാഗേഷ് കാര്യങ്ങൾ കോടതിയിൽ സമഗ്രമായി അവതരിപ്പിച്ചതും കേസിന്റെ വിജയത്തിനു കാരണമായതായി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും അന്വേഷണ ഉദ്യോഗസ്ഥരുമെല്ലാം വിലയിരുത്തുന്നു. ഫൊറൻസിക് മെഡിസിനിൽ ഉത്ര വധക്കേസ് വലിയ സ്വാധീനം ചെലുത്തും. പാമ്പു കടിയെന്നാൽ യാദൃശ്ചിക മരണമെന്ന സാമാന്യബോധത്തെ ഈ കേസ് തകർത്തു.
സൂരജിന്റെ ശിക്ഷ ഇങ്ങനെ
കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനെതിരെ ചുമത്തിയത് നാല് വകുപ്പുകൾ. ഈ നാലു വകുപ്പുകളിൽ രണ്ടെണ്ണത്തിൽ ജീവപര്യന്തമാണ് കൊല്ലം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 302 (കൊലപാതകം), 307 (വധശ്രമം) വകുപ്പുകളിലാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.
’ആർജവിനു സ്നേഹത്തണലായി ‘അച്ഛനും അമ്മയും’
എന്നാൽ, മറ്റു രണ്ടു വകുപ്പുകളിലെ ശിക്ഷ അനുഭവിച്ചതിനു ശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326 (ദേഹോപദ്രവം ഏൽപിക്കൽ), 201 (തെളിവു നശിപ്പിക്കൽ) എന്നിവയാണ് ആ വകുപ്പുകൾ. ഐപിസി 326 പ്രകാരം പത്തു വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. ഐപിസി 201 പ്രകാരം ഏഴു വർഷത്തെ തടവാണു ലഭിക്കുക. 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഈ തുക ഉത്രയുടെ മകനാണു നൽകേണ്ടത്. ഈ 17 വർഷത്തെ തടവിനു ശേഷമായിരിക്കും ഇരട്ട ജീവപര്യന്തം ആരംഭിക്കുക.