വാക്ക് അഗ്‌നിയാണ്, ആ അഗ്‌നിയെ സരസ്വതി മന്ത്രത്താല്‍ മനസിന്റെ അകത്തളങ്ങളിലേക്ക് ആവാഹനം നടത്തുന്ന ദിനമാണ് വിജയദശമി. എട്ടാം ദിനത്തിലെ പുസ്തക പൂജയുടേയും ഒന്‍പതാം ദിനമായ മഹാനവമിയിലെ ആയുധ പൂജയുടേയും ചടങ്ങുകള്‍ക്ക് പര്യവസാനം കുറിക്കപ്പെടുന്ന ഈ പുണ്യദിനമാണ്, ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് വാതായനങ്ങള്‍ മലര്‍ക്കേ തുറന്നിടുന്ന വിജയദശമി.
ദേവീ പൂജക്ക് ഏറ്റവും പ്രാധാന്യമുള്ള ഈ സമയത്ത് ഭക്തിയോടെ ദേവിയെ പൂജിച്ചാല്‍ സര്‍വ്വ ആഗ്രഹങ്ങളും സാധിക്കപ്പെടുമെന്ന് പഴമക്കാര്‍ പറയുന്നു. നവരാത്രി കാലത്ത് ദേവീ പൂജ ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ ദേവീ പൂജ ചെയ്ത ഫലം സിദ്ധിക്കുമെന്നും വിശ്വാസമുണ്ട്. വിദ്യാ തടസ്സം മാറുക, സന്താനലാഭം, മംഗല്യ ഭാഗ്യം, ശത്രുനാശം, ദാരിദ്ര്യമുക്തി എന്നിവയൊക്കെ നവരാത്രി കാലത്തെ ദേവീ പൂജയിലൂടെ സിദ്ധിക്കുമെന്നാണ് ആചാര്യമതം.
വിജയദശമി ദിനത്തില്‍ വാഗ്‌ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ്, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലെ വിദ്യാരംഭ ചടങ്ങുകള്‍ പ്രശസ്തമാണ്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കഥകളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുളളത്. വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുർഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം.
വിജയദശമി നാളിൽ ദുർഗ ദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുക്കാറുണ്ട്. പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭകർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. അതോടൊപ്പം ദീപാവലി ഒരുക്കങ്ങൾക്കും ഈ ദിവസത്തോടെ തുടക്കമാകും. ദസറ കഴിഞ്ഞുളള 20-ാം ദിവസമാണ് ദീപാവലി ആഘോഷം.
വിജയദശമി ദിനത്തിൽ ഉത്തരേന്ത്യയിലെ ഹിന്ദു ഭക്തര്‍ രാമന്റെ ജീവിതകഥയുടെ ഒരു നാടകാവതരണമായ ‘രാമലീല’ സംഘടിപ്പിക്കുന്നു. ദസറയില്‍, രാവണന്റെ വലിയ പ്രതിമകള്‍ തുറന്ന മൈതാനങ്ങളില്‍ കത്തിക്കുന്നു. പശ്ചിമബംഗാളില്‍, മഹിഷാസുരന്‍ എന്ന രാക്ഷസന്റെ മേല്‍ ദേവിയുടെ വിജയം അടയാളപ്പെടുത്തുന്നതിനായി ആളുകള്‍ ഈ ദിനം ദുര്‍ഗാ പൂജ ഉത്സവമായി ആഘോഷിക്കുന്നു. വിവിധ പന്തലുകളില്‍ ഭക്തര്‍ ദുര്‍ഗയെ ആരാധിക്കുന്നു.
ഗുജറാത്തില്‍ ആളുകള്‍ പ്രസിദ്ധമായ നാടോടി നൃത്തമായ ‘ഗര്‍ബ’യിലൂടെ ഈ ദിനം ആഘോഷിക്കുന്നു. ആളുകള്‍ വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിക്കുകയും ഉത്സവം പരമാവധി ആഘോഷിക്കുകയും ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ ആളുകള്‍ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളുടെ വിഗ്രഹങ്ങള്‍ വീട്ടില്‍ വച്ച് ആരാധിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും തേങ്ങ, വെറ്റില, പണം എന്നിവപോലും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.അനുഷ്ഠാനങ്ങളിലും ആഘോഷ രീതികളിലും വ്യത്യാസമുണ്ടെങ്കിലും ഇവ നൽകുന്ന സന്ദേശം ഒന്നു തന്നെയാണ്, തിന്മയ്ക്കുമേൽ നന്മ നേടിയ വിജയം.