ആലപ്പുഴ: മോൻസൻ മാവുങ്കൽ (Monson Mavunkal) കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയിൽ (Anitha Pullayil) . തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണ്. പൊലീസിൻറെ ശരിയായ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അനിത പറഞ്ഞു.
മോൻസനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിനെല്ലാം ബാങ്ക് രേഖകൾ കൈവശം ഉണ്ട്. ഫോൺ രേഖകളും സന്ദേശങ്ങളും തന്റെ പക്കലുണ്ട്. ഇതൊക്കെ പരിശോധിക്കാൻ ഇന്നത്തെ സാങ്കേതികവിദ്യ പര്യാപ്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ വിളിച്ചാൽ എവിടെ വരാനും താൻ തയ്യാറാണെന്നും അനിത പറഞ്ഞു.
‘ആളുകളെ പറ്റിക്കുന്ന ശീലം എനിക്കില്ല. അങ്ങോട്ട് കൊടുക്കാനേ അറിയൂ. ഒരു രാജാവിനെ പോലെ ജീവിച്ചിരുന്നവനാണ് അറസ്റ്റിലായത്. അവനെ സഹായിച്ചവർക്ക് വിഷമമുണ്ടാകും. അവനുമായി ബന്ധപ്പെട്ട ഉന്നതരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ല്‍സ് പരിശോധിക്കണം’- അനിത കൂട്ടിച്ചേര്‍ത്തു.