കുവൈത്ത്: ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന കലാ സാംസ്കാരിക പരിപാടികൾ പ്രഖ്യാപിച്ചു . നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും കുവൈത്തിലെ ഇന്ത്യൻ എംബസിയും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കുവൈത്ത് നാഷനൽ ലൈബ്രറി ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജും എൻ സിസി എ എൽ സെക്രട്ടറി ജനറൽ കാമിൽ അബ്ദുൽ ജലീലും സംയുതമായാണ് ആഘോഷപരിപാടികളുടെ പ്രഖ്യാപനം നിർവഹിച്ചത്. ഡിസംബർ രണ്ടിന് ശൈഖ് മുബാറക് മ്യൂസിയം കിയോസ്കിൽ നടക്കുന്ന ഇന്ത്യ ദിനാഘോഷത്തോടെയാണ് പരിപാടികളുടെ തുടക്കം.
ഇന്ത്യ ദിനത്തിൽ സംയുക്ത സംഗീത പരിപാടിയും ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ ഇന്ത്യൻ സാംസ്കാരിക വാരാചാരണവും നടത്തും. ഇതോടനുബന്ധിച്ച് സെമിനാറുകൾ ഇന്ത്യൻ സിനിമകളുടെ പ്രദർശനം, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. മാർച്ച് മൂന്നിന് ഇരുരാജ്യങ്ങളുടെയും സമുദ്ര വ്യാപാര ചരിത്രവുമായി ബന്ധപ്പെട്ട സംയുക്ത പരിപാടികൾ മാരിടൈം മ്യൂസിയത്തിൽ ഉദ്ഘാടനം ചെയ്യും. മാർച്ച് 20ന് സാധു ഹൗസുമായി സഹകരിച്ച് ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനം നടക്കും. മേയ് 15ന് മോഡേൺ ആർട്ട് മ്യൂസിയത്തിൽ കലാപ്രദർശനവും പ്രോപ്പർട്ടി എക്സിബിഷനും നടക്കും. മേയ് 26ന് ഷെറാട്ടൻ ഹോട്ടലിൽ സിംപോസിയം, ജൂൺ 12ന് കുവൈത്ത് നാഷനൽ മ്യൂസിയത്തിൽ നാണയ, ആഭരണ പ്രദർശനം എന്നിവയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ജൂലൈ മൂന്നിനാണ് സമാപന സമ്മേളനം