ദോഹ: ഖത്തറിൽ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ജോര്ഡന് ഭരണാധികാരി അബ്ദുല്ല ബിന്‍ ഹുസൈന് രാജാവിന് രാജകീയ സ്വീകരണം.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ജോർഡൻ രാജാവിനെ സൗഹൃദരാജ്യത്തേക്ക് വരവേറ്റത്. തുടർന്ന് അമിരി ദീവാനിൽ കൂടിക്കാഴ്ചയും നടത്തി.
ഉഭയകക്ഷി നയതന്ത്ര സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും രാഷ്ട്രീയസ്ഥിതിഗതികളും ചര്‍ച്ചയായി. ലോകകപ്പിനായി ഖത്തര്‍ സജ്ജീകരിച്ച എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം ജോർഡൻ രാജാവ് സന്ദര്‍ശിച്ചു.
ഖത്തര്‍ അമീറും മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. രാജ്യത്തിൻ്റെ തന്ത്രപ്രധാന സ്ഥാപനങ്ങളിലൊന്നായ നാഷനല്‍ കമാന്‍ഡ് സെൻററിലും രാജാവ് സന്ദര്‍ശനം നടത്തി. രാജാവിനൊപ്പമുള്ള ജോര്ഡന് പ്രധാനമന്ത്രി ഡോ. ബിഷേര്‍ അല്‍ ഖസൗനേ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അസീസ് ആൽഥാനിയുമായും ചര്‍ച്ച നടത്തി.
രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച വൈകീട്ടോടെ ജോർഡൻ രാജാവ് മടങ്ങി. മടക്കയാത്രയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഉന്നതസംഘം യാത്രയയക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.