മഴ ശക്തമായതോടെ മനംകുളിർപ്പിച്ച് അതിരപ്പിള്ളി വെള്ളച്ചാട്ടം ശക്തിപ്പെട്ടു. കവിഞ്ഞൊഴുകുന്ന അതിരപ്പിള്ളിയുടെ കാഴ്ച സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാണ്. എന്നാൽ ജലനിരപ്പ് ഉയരുന്നത് അപകടം സൃഷ്ടിക്കുമെന്നതിനെ തുടർന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു.
സഞ്ചാരികൾക്ക് വിലക്ക്
കനത്ത മഴയിൽ നിറഞ്ഞു കവിഞ്ഞ ചാലക്കുടിപ്പുഴ രൗദ്രഭാവത്തിൽ കരിമ്പാറകൂട്ടങ്ങളെ തഴുകി താഴേക്ക് പതിക്കുമ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്നു. അപകടം പതിയിരിക്കുന്നതിനാൽ അതിരപ്പിള്ളി മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിരിക്കുകയാണ്.
. മഴയിൽ നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ തേടിയെത്തുന്നവർ കുറവല്ല. മഴ നിറഞ്ഞ യാത്ര വിനോദ സഞ്ചാരികളിൽ നവ്യാനുഭവമാണ് പകരുന്നത്. ഹുങ്കാരത്തിൽ കുത്തിയൊലിച്ചിറങ്ങുന്ന വെള്ളച്ചാട്ടത്തിന്റെ അഴക് മിക്ക കാഴ്ചക്കാരും സാധാരണ ദൂരെ നിന്നു ആസ്വദിക്കുകയാണ് പതിവ്. നുരഞ്ഞു പതഞ്ഞു പാഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഹൃദയം തൊട്ടറിയണമെങ്കിൽ പതനസ്ഥാനത്തേക്കു പോകണം. പച്ചപ്പണിഞ്ഞ കാട്ടുവഴിയിലൂടെ നടന്ന് താഴെയെത്തുമ്പോൾ ആർത്തലച്ചെത്തുന്ന വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവം അടുത്തറിയാം. പരസ്പരം പറയുന്നതെന്താണെന്ന് കൂടി മനസിലാക്കാന് സാധിക്കാത്തത്ര ശബ്ദത്തിലാണ് വെള്ളം പതിക്കുന്നത്. ഇവിടെ ശരിക്കും അപകടമേഖലയാണ്
സഞ്ചാരികളുടെ സ്വർഗം
നിബിഢ വനവും ജൈവസമ്പത്തിന്റെ കലവറകൂടിയായ അതിരപ്പിള്ളി സഞ്ചാരികളുടെ സ്വർഗമെന്നു വിളിക്കാം. പ്രകൃതിയുടെ എല്ലാ ചേരുവകളും ചേർന്ന ഭൂമിയാണിവിടം. ഒരു ഭാഗത്ത് കാഴ്ചക്കാരുടെ തിരക്കെങ്കിൽ മറുഭാഗത്ത് വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലമൊരുക്കി ഫോട്ടോയെടുക്കുന്നവരുടെ തിക്കുതിരക്കുമാണ്.